കോഴിക്കോട് : മൂവാറ്റുപുഴ തൃക്കുളത്തൂരില് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് സഹോദരിമാരുടെ നാലു മക്കള്‍. പുറപ്പുഴ കുന്നേല്‍ ബാബുവിന്റെയും രജനിയുടെയും മക്കളായ വിഷ്ണു(25)വും അരുണും(22) മൂക്കിലിക്കാട്ട് രാജേന്ദ്രന് പിള്ളയുടെയും സജിനിയുടെയും മക്കളായ ആദിത്യ(23)നും അമര്‍നാഥു(20)മാണ് മരിച്ചത്. അമ്മമാരായ രജനിയും സജിനിയും സഹോദരങ്ങളാണ്.
എന്തിനും എവിടേയും ഒരുമിച്ച്
ഇന്നലെ മരിച്ച വിഷ്ണുവിനും അരുണിനും ആദിത്യനുമൊപ്പം അമര്നാഥിനേക്കൂടി നഷ്ടമായെന്നത് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും. സഹോദരങ്ങള്‍ എന്നതിനപ്പുറത്തേക്ക് അടുത്ത കൂട്ടുകാരായിരുന്നു നാലു പേരുമെന്ന് വിങ്ങലോടെ ഓര്‍ക്കുകയാണ് പുറപ്പുഴക്കാര്.
വീടുകള്‍ക്കിടയില്‍ അധികം ദൂരമില്ലാത്തതിനാല്‍ കൂടുതലും ഇവര്‍ ഒന്നിച്ചായിരുന്നു. ഒഴിവുസമയങ്ങളില്‍ ഒരുമിച്ചിരുന്നിരുന്ന നാട്ടിലെ ചടങ്ങുകളില്‍ ഒരുമിച്ചെത്തിയിരുന്ന കൂട്ടുകാര്‍. അവസാനത്തെ ഉല്ലാസയാത്രയില്‍ മാത്രമല്ല, മരണത്തിലും അവര്‍ കൈ കോര്‍ത്തപ്പോള്‍ നാട്ടിലും വീട്ടിലും ഏത് ആവശ്യത്തിനും ഓടിയെത്തുന്ന നാല് ചുണക്കുട്ടികളെയാണ് ഗ്രാമത്തിന് നഷ്ടമായത്.
അമ്മ രജനി നടത്തുന്ന പലചരക്കുകടയില്‍ വിഷ്ണുവും അരുണും അധികസമയവും ഉണ്ടാവുമായിരുന്നു. കടയില്‍ എത്തുന്ന ആരും നിറഞ്ഞ ചിരിയോടെയല്ലാതെ ഇവരെ കണ്ടിട്ടില്ല. അതുകൊണ്ടാവാണം ഇരുവരുടേയും ചേതനയറ്റ മൃതദേഹങ്ങള്‍ ഇന്നലെ വീട്ടിലെത്തിയപ്പോള്‍ പുറത്തുകൂടി നിന്നവരിലും കണ്ണീര് അണപൊട്ടിയത്.
ചേട്ടന്റെ ചിതയണയും മുമ്പേ അനിയനും
ആദിത്യന്റെ മൃതദേഹത്തിന് ചുറ്റും നിന്നും ഏങ്ങലടിച്ച് കരയുമ്പോളും ആദിത്യന്റെ അച്ഛന്റെ അമ്മയും ഉള്‍പ്പടെയുള്ളവര്‍ പ്രതീക്ഷിച്ചിരുന്നു അമര്‍നാഥ് ആശുപത്രിയില്‍ കിടക്കയില്‍നിന്നു ജീവനോടെ തിരിച്ചെത്തുമെന്ന്. എന്നാല്‍, ആദിത്യന്റെ ചിതയണയും മുമ്പ് കഠാരക്കുഴിലെ വീട്ടില്‍ മറ്റൊരു ചിതകൂടി ഒരുങ്ങി. അമര്‍നാഥിന് വേണ്ടി. വീട്ടിലെന്ന പോല ആദിത്യനു സമീപം തന്നെ അമര്‍നാഥും ഉറങ്ങും.
content highlights: four killed in car lorry collission in moovattupuzha