ഇന്ത്യക്കാരെ കൂട്ടക്കൊല ചെയ്യാന്‍ ഗൂര്‍ഖാപട്ടാളവുമായി ജനറല്‍ ഡയര്‍ സഞ്ചരിച്ച ഇടുങ്ങിയ വഴിയുടെ വശങ്ങളിലെ ചുമരുകളില്‍ ശില്പ്പങ്ങള് സ്ഥാപിച്ചതായി ഇന്ത്യന്‍ എക്സ്പ്രസിലെ റിപ്പോര്‍ട്ട് പറയുന്നു. ജാലിയന്‍ വാലാബാഗിലെക്കു പ്രവേശിക്കാനുള്ള വഴിയും മാറ്റി. പ്രധാന കെട്ടിടത്തിന് സമീപം ഒരു താമരക്കുളവും സ്ഥാപിച്ചു.
ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെ തീം പാര്ക്കുകളാക്കുന്ന പ്രവണത നിലവിലുണ്ടെന്ന് കള്‍ച്ചറല്‍ റിസോഴ്സ് കണ്‍സര്‍വേഷന്‍ ഇനിഷ്യേറ്റീവ് ഡയറക്ടറായ ഗുര്‍മീത്ത് റായ് സംഗ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ചു മുതല്‍ ഏഴു വര്‍ഷമായി ഈ പ്രവണത കാണുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനം കുറിക്കാന്‍ കാരണമായ സംഭവമാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. പ്രതിമകള്‍ സ്ഥാപിച്ച് തീം പാര്ക്കുണ്ടാക്കുന്നതിന് പകരം ചരിത്രത്തെ രേഖപ്പെടുത്താനും വ്യാഖ്യാനിക്കാനും വേണ്ട സംവിധാനമാണ് ഒരുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബ്രിട്ടീഷ് വെടിയുണ്ടകളില്‍ രക്ഷപ്പെടാന്‍ കിണറ്റില്‍ ചാടിയ നിരവധി പേരെയും അന്ന് പട്ടാളം കൊന്നിരുന്നു. രക്തസാക്ഷികളുടെ കിണര്‍ എന്ന് അറിയപ്പെടുന്ന ഈ കിണറിനു മുകളില്‍ ചില്ലു കൊണ്ടുള്ള കവചം സ്ഥാപിരിക്കുന്നതായി ഗ്ലോബല്‍ ആന്റ് ഇംപീരിയല്‍ ഹിസ്റ്ററി പ്രഫസറും ബ്രിട്ടീഷ് ചരിത്രകാരനുമായ കിം എ വാഗ്ണര്‍ ട്വീറ്റ് ചെയ്തു.
” ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ സ്മാരകത്തെ നവീകരിച്ചു നശിപ്പിച്ചിരിക്കുകയാണ്. ചരിത്രസംഭവത്തിന്റെ അവസാന അടയാളങ്ങള്‍ പോലും ഇല്ലാതായി”– വാഗ്ണറുടെ ട്വീറ്റ് പറയുന്നു. പഴയ അമൃത്സറിനെ ഡിസ്നിഫിക്കേഷന്‍ നടത്തുന്ന പദ്ധതിയുടെ ഭാഗമാണിതെന്നും വാഗ്ണര്‍ ആരോപിച്ചു. ഒരു പ്രദേശത്തെയോ സമൂഹത്തെയോ വാള്‍ട്ട് ഡിസ്നി കമ്പനിയുടെ തീം പാര്‍ക്കുകളെ പോലെ മാറ്റുന്നതാണ് ഡിസ്നിഫിക്കേഷന്‍ എന്ന് അറിയപ്പെടുന്നത്.
ജാലിയന്‍ വാലാബാഗ് സമാരക നവീകരണം രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു. ”രക്തസാക്ഷിത്വത്തിന്റെ അര്‍ത്ഥം മനസിലാക്കാത്തവര്‍ക്കു മാത്രമേ ജാലിയന്‍ വാലാബാഗിലെ രക്തസാക്ഷികളെ ഇങ്ങനെ അപമാനിക്കാന്‍ കഴിയൂ. ഞാന്‍ ഒരു രക്തസാക്ഷിയുടെ മകനാണ്. രക്തസാക്ഷികളെ അപമാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.” ഹിന്ദിയില്‍ രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്യാത്തവര്‍ക്ക് ചെയ്തവരെ മനസിലാക്കാന്‍ സാധിക്കില്ലെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.
വാഗ്ണറുടെ ട്വീറ്റ് ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് എംപി പ്രീത് ഗില്‍ റിട്വീറ്റ് ചെയ്തു. ചരിത്രം മായ്ക്കപ്പെടുന്നു! എന്തിനാണിത് -? എന്നാണ് എംപി ട്വീറ്റ് ചെയ്തത്. വാഗ്ണറുടെ ട്വീറ്റിന് ശേഷം നിരവധി പേര് വിഷയം ഏറ്റെടുത്തു.
നവീകരണത്തിന്റെ പേരില്‍ ജാലിയന്‍ വാലാബാഗിന്റെ പ്രവേശനകവാടം നശിപ്പിച്ചത് ഹൃദയഭേദകമാണെന്ന് സിദ്ധാര്‍ത്ഥ് സിങ് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ചരിത്രം ശരിയായി പഠിപ്പിക്കുന്നില്ലെന്ന് ആരോപിക്കുന്നവര്‍ തൊട്ടുമുമ്പിലുള്ള ആധുനിക ചരിത്രത്തെ നശിപ്പിക്കുകയാണെന്ന് ജോയ് എന്ന അക്കൗണ്ട് ട്വീറ്റ് ആരോപിച്ചു. നവീകരണമെന്ന പേരില്‍ ചരിത്രം മായച്ചുകളയുകയാണെന്നും യൂറോപ്യന്മാരില് നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പഠിക്കണമെന്നും അശ്വിന് മുഷ്റാന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് ട്വീറ്റ് ചെയ്തു.
സ്മാരകത്തിലെ മറ്റു മാറ്റങ്ങള്‍
രക്തസാക്ഷികളോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ പ്രത്യേക സ്ഥലം രൂപീകരിച്ചു. ജാലിയന്‍ വാലാബാഗില്‍ അന്ന് നടന്ന സംഭവങ്ങളുടെ പ്രാധാന്യം വ്യക്തമാക്കാനായി ഗ്യാലറികളും സ്ഥാപിച്ചു. പഞ്ചാബിന്റെ ചരിത്രം, ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം, ഗദ്ദര്‍ പ്രസ്ഥാനം എന്നിവയെ കുറിച്ചുള്ളതാണ് ഗ്യാലറി. കൂടാതെ സിഖ് ആത്മീയ ഗുരുവായ ഗുരു നാനാക്കിന്റെയും സിഖ് പോരാളിയായ ബന്ദ സിങ് ബഹദൂറിന്റെയും മഹാരാജ രഞ്ജിത് സിംഗിന്റെയും ശില്‍പ്പങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി പറഞ്ഞത്
ഇന്ത്യയുടെ ചരിത്രവും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയെയും കുറിച്ച് പഠിക്കാന്‍ സ്മാരകം പ്രേരണയാവുമെന്നാണ് ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
”രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന് ത്യജിക്കാന്‍ സര്‍ദാര്‍ ഉദ്ധം സിങിനെയും ഭഗത് സിങ്ങിനെയും പോലുള്ള വിപ്ലവകാരികള്‍ക്ക് ധൈര്യം നല്കിയ സ്ഥലമാണ് ജാലിയന്‍ വാലാബാഗ്. സ്വാതന്ത്ര്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ കുറിച്ച് കൂടുതല്‍ പഠിക്കാനും സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ കുറിച്ച് പഠിക്കാനും സ്മാരകം ജനങ്ങളെ പ്രേരിപ്പിക്കും”–പ്രധാനമന്ത്രി പറഞ്ഞു.
ജാലിയന്‍ വാലാബാഗില്‍ അന്ന് സംഭവിച്ചത്
റൗലത്ത് ആക്ടിനെതിരെ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് 1919 ഏപ്രില്‍ 11ന് ലാഹോറിലും അമൃത്സറിലും ബ്രിട്ടീഷുകാര്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. പൊതുവിടങ്ങളില്‍ നാലു പേരിലധികം കൂടിനില്‍ക്കരുതെന്ന പ്രചരണവുമായി ഡയറിന്റെ നേതൃത്വത്തില്‍ പട്ടാളം അമൃത്സറിലേക്ക് മാര്‍ച്ച് ചെയ്തു. റൗലത്ത് ആക്ടിനെതിരെ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് നേതാക്കളായ ഡോ. സത്യപാല്‍, ഡോ.സൈഫുദ്ദീന് കിച്ച്ലു എന്നിവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജാലിയന്‍ വാലാബാഗില്‍ ഏപ്രില്‍ 13ന് വൈകീട്ട് നാലുമണിക്ക് പൊതുയോഗം സംഘടിപ്പിച്ചിരുന്നു.
പൊതുയോഗത്തെ കുറിച്ച് അറിഞ്ഞ ഡയര്‍ സായുധരായ 50 പട്ടാളക്കാരുമായി അവിടേക്ക് പുറപ്പെട്ടു. പിരിഞ്ഞ് പോവാന്‍ മുന്നറിയിപ്പ് നല്‍കാതെ തന്നെ വെടിയുതിര്‍ക്കണമെന്ന് ഡയര്‍ പട്ടാളത്തിന് നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 1650 റൗണ്ടാണ് പട്ടാളക്കാര്‍ വെടിവെച്ചത്. ബ്രിട്ടീഷ് കണക്കുകള്‍ പ്രകാരം 376 പേര് കൊല്ലപ്പെട്ടു. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റു. ഇന്ത്യന്‍ കണക്കുകള്‍ പ്രകാരം ആയിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഒമ്പതു വയസുള്ള കുട്ടി കൊല്ലപ്പെട്ടുവെന്നാണ് ചരിത്രം പറയുന്നത്. സംഭവത്തിന് ശേഷം അധികം വൈകാതെ മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധി നിസ്സഹകരണപ്രസ്ഥാനം പ്രഖ്യാപിച്ചു.
ഉദ്ധം സിങും ജനറല്‍ ഡയറും
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ നിന്ന് അല്ഭുദകരമായാണ് 21 കാരനായ ഉദ്ധം സിംഗ് രക്ഷപ്പെട്ടത്. പക്ഷെ, 1940 മാര്‍ച്ച് 13ന് ജനറല്‍ ഡയറിനെ ലണ്ടനിലെ കാക്സറ്റണ് ഹാളില്‍ വെച്ചു ഉദ്ധം സിങ് വെടിവെച്ചു കൊന്നു. വിചാരണക്കു ശേഷം 1940 ജൂലൈ 31ന് ബ്രിട്ടീഷ് ഭരണകൂടം ഉദ്ധം സിങ്ങിനെ തൂക്കിലേറ്റി.
ജാലിയന്‍ വാലാബാഗ് സ്മാരകം
ജാലിയന്‍ വാലാബാഗില്‍ സ്മാരകം നിര്‍മിക്കണമെന്ന ആവശ്യം 1919ല്‍ തന്നെ കോണ്‍ഗ്രസ് ഉയര്‍ത്തി. അമൃത്സറില് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ സസ്തി ചരണ്‍ മുഖര്‍ജിയാണ് ആവശ്യം ഉന്നയിച്ചത്. കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് മുഖര്‍ജി. മദന്‍ മോഹന്‍ മാള്‍വിയ പ്രസിഡന്റായും സസ്തി ചരണ്‍ മുഖര്‍ജിയെ സെക്രട്ടറിയാക്കി ട്രസ്റ്റും രൂപീകരിച്ചു. തുടര്‍ന്ന് സ്മാരകത്തിന് പണം സംഭാവന നല്‍കണമെന്ന് മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 5.6 ലക്ഷം രൂപയാണ് ട്രസ്റ്റ് കണ്ടെത്തിയത്. ഭൂവുടമയായ ഹിമ്മത്ത് സിംഗില്‍ നിന്ന് 6.5 ഏക്കര്‍ സ്ഥലമാണ് ട്രസ്റ്റ് ഏറ്റെടുത്തത്. മുഖര്‍ജിയുടെ കുടുംബത്തില്‍ നിന്നുള്ളവര്‍ക്കാണ് കെയര്‍ടേക്കര്‍ സ്ഥാനം. നിലവിലെ കെയര്‍ടേക്കറായ സുകുമാര്‍ മുഖര്‍ജി ബാങ്ക് ഉദ്യോഗം ഒഴിവാക്കിയാണ് 1988ല്‍ ചുമതല ഏറ്റെടുത്തത്.
ഇന്ത്യ സ്വതന്ത്രമായതിന് ശേഷം 1951 മെയ് ഒന്നിന് കേന്ദ്രസര്‍ക്കാര്‍ ജാലിയന്‍ വാലാബാഗ് നാഷണല്‍ മെമോറിയല്‍ ട്രസ്റ്റ് രൂപീകരിച്ചു. 1961 ഏപ്രില്‍ 13ന് രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് മെമ്മോറിയല്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ ലാല്‍ നെഹ്റുവും ചടങ്ങില്‍ പങ്കെടുത്തു. പില്ക്കാലങ്ങളില് നിരവധി അറ്റകുറ്റപണികള്‍ സ്മാരകത്തില്‍ നടത്തിയിട്ടുണ്ടെങ്കിലും ഘടനാപരമായ മാറ്റങ്ങളൊന്നും കൊണ്ടുവന്നിരുന്നില്ല.
അഷ്ടമിരോഹിണി പ്രമാണിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്തുടനീളം രാത്രി കര്‍ഫ്യൂയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകീട്ടാണ് സംസ്ഥാനത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരിക്കണം ആഘോഷങ്ങള്‍ നടത്തേണ്ടതെന്നും ആളുകള്‍ മാസ്ക് ധരിക്കുകയും ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുകയും വേണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
‘ ഇതുവരെ 1,709,248 കൊവിഡ് കേസുകളാണ് ഉത്തര്‍പ്രദേശില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ, 22,818 മരണങ്ങളും 1,686,165 പേര് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. 14 പുതിയ കേസുകള്‍ കൂടി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല, രണ്ട് രോഗികള്‍ മരണപ്പെടുകയും 37 പേര് സുഖം പ്രാപിക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവിലെ കൊവിഡ് കേസുകളുടെ എണ്ണം 265 ആണ്.’ — ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തെ പല ജില്ലകളിലും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ശനിയാഴ്ചകളില്‍ രാവിലെ 6 മുതല്‍ രാത്രി 10 വരെ സാധാരണ രീതിയില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാമെന്നും ഞായറാഴ്ച നിയന്ത്രണങ്ങള്‍ തുടരുമെന്നുമായിരുന്നു ഈ മാസം ആദ്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്.
ഓഗസ്റ്റ് 11 ലെ കണക്കുകള്‍ അനുസരിച്ച്, അലിഗഡ്, അമേഠി, ചിത്രകൂട്, ഇറ്റാ, ഫിറോസാബാദ്, ഗോണ്ട, ഹത്രാസ്, കസ്ഗഞ്ച്, പിലിഭിത്, പ്രതാപ്ഗഡ്, ഷംലി, സോന്‍ഭദ്ര തുടങ്ങിയ സ്ഥലങ്ങളില്‍ കേസുകളുടെ എണ്ണം വളരെ കുറവാണ് മാത്രമല്ല, രോഗമുക്തരുടെ എണ്ണം 98.6 ശതമാനമായി ഉയര്‍ന്നു.
മാത്രമല്ല, സ്വാതന്ത്ര്യദിനത്തിന് ശേഷം ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍, വൊക്കേഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
****
(Compiled by അനീബ് പി.എ)