തിരുവനന്തപുരം: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത സംഭവം ദക്ഷിണമേഖല ഐ.ജി. ഹർഷിത അട്ടല്ലൂരി അന്വേഷിക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് യുവാവ് ചൊവ്വാഴ്ച സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകിയിരുന്നു. തുടർന്നാണ് അന്വേഷണ ചുമതല ഐ.ജി.ഹർഷിത അട്ടല്ലൂരിക്ക് കൈമാറാൻ തീരുമാനിച്ചത്.
വെള്ളിയാഴ്ചയാണ് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും മൊബൈൽ മോഷണം പോയെന്നാരോപിച്ച് സിവിൽ പോലീസ് ഉദ്യോഗസ്ഥ സി.പി.രജിത പരസ്യമായി വിചാരണ ചെയ്തത്.മോഷണം പോയ മൊബൈൽ കണ്ടെടുത്തിട്ടും പോലീസ് ഉദ്യോഗസ്ഥ മാപ്പു പറഞ്ഞില്ലെന്ന് നേരത്തേ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റുകയും 15 ദിവസത്തെ പെരുമാറ്റ പരിശീലനത്തിന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ നടപടി മാതൃകാപരമല്ലെന്ന് ജയചന്ദ്രൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Pink police abuse case I G Harshitha Athalloori to take over