ന്യൂഡല്‍ഹി: ആലുവ യു.സി. കോളേജ് പ്രിന്‍സിപ്പലായി ഡോ. താര കെ. സൈമണിനെ നിയമിക്കുന്നതിനെ ചോദ്യംചെയ്ത് മഹാത്മാഗാന്ധി സര്‍വകലാശാല നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സര്‍വകലാശാല നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.
2018-ലാണ് ബോട്ടണി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. താരയെ പ്രിന്‍സിപ്പലായി നിയമിച്ചത്. നിയമനം ചോദ്യംചെയ്ത് മഹാത്മാഗാന്ധി സര്‍വകലാശാലയും കോളേജ് മാനേജരും നല്കിയ ഹര്‍ജികള്‍ നേരത്തെ കോടതി തള്ളിയിരുന്നു. ഇതിനിടെ ഡോ. താരയ്ക്ക് അനുകൂലമായ ഹൈക്കോടതിവിധിക്ക് എതിരേ സര്‍വ്വകലാശാല പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് എതിരേയാണ് സര്‍വ്വകലാശാല സുപ്രീം കോടതിയെ സമീപിച്ചത്.
യു.ജി.സിയുടെ 2016-ലെ റെഗുലേഷന് പ്രകാരമുള്ള യോഗ്യത താരയ്ക്ക് ഇല്ലെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. എന്നാല്‍ സര്‍വ്വകലാശാലയുടെ നടപടി ഡോ. താരയെ പീഡിപ്പിക്കാന്‍ ആണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. സര്‍വ്വകലാശാലയ്ക്ക് പിഴ ചുമത്തേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
സുപ്രീം കോടതി വിധി നടപ്പിലാക്കിയാല്‍ യുജിസി ചട്ടത്തിന് വിരുദ്ധമായ നിയമനമാകും അതെന്ന് സര്‍വകലാശാലയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ നാലോ അഞ്ചോ മാസത്തിനുള്ളില്‍ ഡോ. താര വിരമിക്കുമെന്നും അവര്‍ ദീര്‍ഘകാലമായി അധ്യാപിക ആയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനിടെ നിലവില്‍ മറ്റൊരാള്‍ പ്രിന്‍സിപ്പലായി ചുമതല വഹിക്കുകയാണെന്ന് കോളേജ് മാനേജ്മെന്റ് കോടതിയെ അറിയിച്ചു എങ്കിലും കോടതി ഇടപെടാന്‍ വിസമ്മതിച്ചു.
സര്‍വ്വകലാശാലയുടെ കേസ് വാദിക്കേണ്ടത് കോളേജ് അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.