കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ഓണ്‍ലൈന്‍ പഠന രീതി തുടര്‍ന്ന ശേഷമാണ് സൗദിയിലെ സ്കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിച്ചത്
അനുമതി നല്‍കിയത് വാക്സിന് സ്റ്റാറ്റസ് പരിശോധിക്കാന്‍
നിലവില്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമാണ് സൗദി സ്കൂളുകളില്‍ പ്രവേശനം നല്‍കുന്നത്. ഇതിന് തെളിവായി മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ നല്‍കിയിരുന്ന നിര്‍ദ്ദേശം. ഇത് പരിശോധിച്ച ശേഷം മാത്രമേ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ സ്കൂള്‍ കോംപൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സ്കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദം നല്‍കിയത്. എന്നാല്‍ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്കൂളില്‍ മൊബൈല്‍ കൊണ്ടുവരുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ വിലക്കിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.
തവക്കല്‍നാ വെബ് വഴി പരിശോധിക്കാന്‍ നിര്‍ദ്ദേശം
കുട്ടികളുടെ മൊബൈലില്‍ നിന്ന് നേരിട്ട് ഗ്രീന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് പകരം തവക്കല്‍നാ വെബ് വഴി പരിശോധിക്കാനാണ് സ്കൂള്‍ അധികൃതര്‍ക്ക് പുതുതായി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതേസമയം, ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികള്‍ തവക്കല്‍നാ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോകോപ്പി എടുത്ത് സ്കൂളില്‍ സമര്‍പ്പിക്കണം. അല്ലെങ്കില്‍ ഇതിന്റെ കോപ്പി സ്കൂള്‍ അധികൃതരുടെ മൊബൈലിലേക്ക് വീട്ടില്‍ നിന്ന് മുന്‍കൂട്ടി അയച്ചാലും മതി. അടിയന്തര സാഹചര്യങ്ങളില്‍ സ്കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരണമെന്നുള്ള വിദ്യാര്‍ഥികള്‍ അവ ഓഫീസില്‍ ഏല്‍പ്പിച്ച ശേഷം മാത്രമേ ക്ലാസ്സുകളിലേക്ക് പോകാവൂ എന്നും മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി.
മൊബൈലില്‍ വീഡിയോ പകര്‍ത്തിയാല്‍ കടുത്ത ശിക്ഷ
അതേസമയം, സ്കൂളില്‍ വച്ച് ആരെങ്കിലും മൊബൈലില്‍ ഫോട്ടോ എടുക്കുന്നതോ വീഡിയോ പകര്‍ത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം ഉത്തരവില്‍ മുന്നറിയിപ്പ് നല്കി. അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയാല്‍ അഞ്ച് ലക്ഷം റിയാലാണ് പിഴ. അതോടൊപ്പം ഒരു വര്‍ഷം ജയിലിലും കിടക്കണം. കുട്ടികള്‍ സ്കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന കാര്യത്തില്‍ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
87 ശതമാനത്തിലേറെ കുട്ടികളും സ്കൂളിലെത്തി
കൊവിഡ് വ്യാപനത്തിന് ശേഷം നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിച്ച പുതിയ അധ്യയന വര്‍ഷത്തില്‍ 87 ശതമാനത്തിലേറെ കുട്ടികളും സ്കൂളുകളിലെത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ക്ലാസ്സുകള്‍ തുറന്ന് മൂന്നാം ദിവസത്തെ കണക്കാണിത്. പൂര്‍ണമായി വാക്സിനെടുത്ത് ക്ലാസ്സുകളിലെത്തുന്ന കുട്ടികളുടെ എണ്ണം പ്രതിദിനം കൂടിവരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ഓണ്‍ലൈന്‍ പഠന രീതി തുടര്‍ന്ന ശേഷമാണ് സൗദിയിലെ സ്കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിച്ചത്. കൊവിഡ് ഭീതിയില്‍ വിദ്യാര്‍ഥികള്‍ ക്ലാസ്സുകളില്‍ തിരിച്ചെത്തുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും അത് അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് വിദ്യാര്‍ഥികളുടെ ഹാജര്‍നില. പുതിയ അധ്യയന വര്‍ഷത്തില്‍ ആണ് കുട്ടികളും പെണ് കുട്ടികളും ഉള്‍പ്പെടെ 60 ലക്ഷം വിദ്യാര്‍ഥികളാണ് സ്കൂളുകളിലേക്ക് തിരികെ എത്തേണ്ടത്.
ആദ്യ രണ്ടാഴ്ച ആബ്സന്റ് മാര്‍ക്ക് ചെയ്യില്ല
പൂര്‍ണമായി വാക്സിന് എടുക്കാത്തതിനാല്‍ ക്ലാസ്സില്‍ ഹാജരാവാത്ത വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ ആരംഭിച്ചതു മുതല്‍ രണ്ടാഴ്ച വരെ ആബ്സന്റ് അടയാളപ്പെടുത്തില്ലെന്ന് മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞും വാക്സിനേഷന് പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ ആബ്സന്റ് രേഖപ്പെടുത്തും. 12 വയസ്സിന് മുകളില്‍ പ്രായമുള്ള വാക്സിന് എടുക്കാത്തവരെ ക്ലാസ്സുകളില്‍ പ്രവേശിപ്പിക്കില്ലെന്നും അവര്‍ക്ക് ഓണ്‍ലൈന്‍ വഴി പഠിക്കാന്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണമൊന്നുമില്ലാതെ വാക്സിന് എടുക്കാത്തവര്‍ക്കാണ് ക്ലാസ്സില്‍ ആബ്സന്റ് മാര്‍ക്ക് ചെയ്യുക.
പ്രൈമറി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ രീതി തുടരും
ഇന്റര്‍മീഡിയറ്റ്, സെക്കന്ററി തലത്തിലെ വിദ്യാര്‍ഥികള്‍ക്കും യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കും ടെക്കിനിക്കല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും ആഗസ്ത് 29 മുതല്‍ നേരിട്ടുള്ള ഓഫ്ലൈന് ക്ലാസ്സുകള്‍ ആരംഭിച്ചത്. പ്രൈമറി ക്ലാസ്സുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ പോലുള്ളവയ്ക്കും നവംബര്‍ ഒന്നു മുതലാണ് നേരിട്ടുള്ള ക്ലാസ്സുകള്‍ തുടങ്ങുക. അതുവരെ നിലവിലെ രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരും. നവംബര്‍ ഒന്നിനു മുമ്പ് സൗദിയിലെ 70 ശതമാനം ആളുകള്‍ക്കും രണ്ട് ഡോസ് വാക്സിനും ലഭിക്കുന്നതിലൂടെ സാമൂഹിക പ്രതിരോധം കൈവരിക്കാനായാല്‍ അതുമുതല്‍ ഇവര്‍ക്കും നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാനാണ് തീരുമാനം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudi arabia bans mobile phones in schools
Malayalam News from malayalam.samayam.com, TIL Network