രോഹിത് ആദ്യമായാണ് ആദ്യ അഞ്ചിൽ എത്തുന്നത്
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ജോ റൂട്ട് ഒന്നാമത്. നിലവിൽ ഇന്ത്യക്ക് എതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ മികച്ച ഫോമിൽ കളിക്കുന്ന റൂട്ട് ഏകദേശം ആറ് വർഷങ്ങൾക്ക് ശേഷമാണ് ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്.
പരമ്പര തുടങ്ങുമ്പോൾ അഞ്ചാം സ്ഥാനത്തായിരുന്നു റൂട്ട് മൂന്ന് മത്സരങ്ങളിൽ നിന്നും നേടിയ 507 റൺസാണ് അതിവേഗം ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. വിരാട് കോഹ്ലി, മാർനസ് ലാബുഷൈൻ, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവരെ മറികടന്നാണ് റൂട്ട് ഒന്നാമതെത്തിയത്. 15 റേറ്റിംഗ് പോയിന്റുകളുടെ ലീഡാണ് റൂട്ടിന് ഇപ്പോഴുള്ളത്.
വില്യംസണും കോഹ്ലിയും സ്മിത്തും ആദ്യ സ്ഥാനങ്ങളിൽ എത്തുന്നതിനു മുൻപ് 2015 ഡിസംബറിൽ ആണ് റൂട്ട് അവസാനമായി ഒന്നാമതായത്. ഇവരെകൂടാതെ അവസാനമായി ഒന്നാം സ്ഥാനത്ത് എത്തിയ മറ്റൊരു താരം എബി ഡിവില്ലേഴ്സ് ആണ്. 2015 നവംബറിൽ ആയിരുന്നു അത്.
അതേസമയം, ക്യാപ്റ്റൻ കോഹ്ലിയെ മറികടന്ന് രോഹിത് അഞ്ചാം സ്ഥാനത്ത് എത്തി. 2019 ഒക്ടോബറിൽ 54-മത് ആയിരുന്ന രോഹിത് കരിയറിൽ ആദ്യമായാണ് ആദ്യ അഞ്ചിൽ എത്തുന്നത്. കഴിഞ്ഞ രണ്ടു ഇന്നിങ്സുകളിലെ റൺസാണ് രോഹിതിനെ മുകളിൽ എത്തിച്ചത്. കോഹ്ലിയുമായി ഏഴ് പോയിന്റുകളുടെ വ്യത്യാസമാണ് രോഹിതിന് ഉള്ളത്.
Also read: പുതിയ ഐപിഎൽ ടീമുകൾ; ടെൻഡർ നടപടി പ്രഖ്യാപിച്ച് ബിസിസിഐ
Web Title: Icc test rankings joe root returns to number 1 rohit sharma overtakes virat kohli