തൃക്കാക്കര: പണക്കിഴി വിവാദത്തിനിടെ തൃക്കാക്കര നഗരസഭ സെക്രട്ടറിയുടെ നോട്ടീസ് മറികടന്ന് ചെയര്‍പെഴ്സണ്‍ ഓഫീസില്‍ പ്രവേശിച്ചതിനെ തുടർന്ന് സംഘർഷം.
ചെയർപേഴ്സന്റെ നടപടിക്കെതിരേ പ്രതിഷേധവുമായി നഗരസഭ കൗണ്‍സിലര്‍മാർ രംഗത്ത് വന്നു. തുടര്‍ന്ന് ക്യാബിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ച ചെയര്‍പെഴ്സണെ കൗണ്‍സിലര്‍മാര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് പോലീസെത്തിയാണ് ചെയര്‍പെഴ്സണെ പുറത്തെത്തിച്ചത്.
തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്ക് ഒപ്പം പതിനായിരം രൂപ നല്‍കിയെന്ന പരാതി വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 27 ന് വിജിലന്‍സ് പരിശോധനയ്ക്കായി നഗരസഭ ചെയര്‍പെഴ്സന്റെ ക്യാബിനില്‍ എത്തിയിരുന്നു. അതിന് ശേഷം ചെയര്‍പെഴ്സണ്‍ ഉപയോഗിക്കുന്ന ക്യാബിന് തുറക്കാന്‍ സാധിച്ചിരുന്നില്ല. ചെയര്‍പെഴ്സണ്‍ ക്യാബിനില്‍ വരാറുണ്ടായിരുന്നുമില്ല.
അന്വേഷണത്തിന്റെ തുടര്‍നടപടികളുടെ ഭാഗമായി മുനിസിപ്പല്‍ സെക്രട്ടറി ചെയര്‍പെഴ്സണിന്റെ ക്യാബിനില്‍ നോട്ടീസ് പതിച്ചിരുന്നു. ക്യാബിനില്‍ എല്ലാവര്ക്കും പ്രവേശനം വിലക്കികൊണ്ടുള്ളതായിരുന്നു നോട്ടീസ്.
എന്നാല്‍ സെക്രട്ടറിക്ക് ഇത്തരമൊരു നോട്ടീസ് പതിക്കാനുള്ള അധികാരമില്ലെന്ന നിലപാടിലായിരുന്നു ചെയര്‍പെഴ്സണ്‍. വിവാദങ്ങള്‍ തുടരുന്നതിനിടെ ചെയര്‍പെഴ്സണ്‍ നോട്ടീസ് മറികടന്ന് ക്യാബിനില്‍ പ്രവേശിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ക്യാബിന് പുറത്ത് തടിച്ച് കൂടി.
കേസില്‍ നിര്‍ണായകമായ സി.സി.ടി.വിയിലും ഫയലുകളിലും ചെയര്‍പേഴ്സണ്‍ കൃത്രിമം കാണിച്ചതായി പ്രതിപക്ഷ കൗണ്‍സിലര്‍ ആരോപിച്ചു.
Content Highlights: Conflict in Thrikkakara Municipality