കുതിച്ചുയര്‍ന്ന് ടിക്കറ്റ് നിരക്ക്
വിമാന സര്‍വീസ് പുനരാരംഭിച്ചാലുടന്‍ കുവൈറ്റിലേക്ക് യാത്ര ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് വിമാന ടിക്കറ്റ് നിരക്ക്. കൊച്ചി, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് കുവൈറ്റിലേക്ക് ചരിത്രത്തിലെ തന്നെ റെക്കോഡ് ടിക്കറ്റ് നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. 700 ദിനാര്‍ മുതല്‍ 850 ദിനാര്‍ വരെയാണ് (ഒന്നര ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ) കുവൈറ്റില്‍ നിന്നുള്ള എയര്‍ലൈനുകളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക്. എന്നാല്‍ ഇന്ത്യന്‍ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് ഇത്രത്തോളം വരില്ലെന്നാണ് ട്രാവല്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. കുവൈറ്റ് എയര്‍ലൈനുകളുടെ പകുതി നിരക്ക് മാത്രമേ ഇന്ത്യന്‍ കമ്പനികള്‍ ഈടാക്കൂ എന്നാണ് ട്രാവല്‍ ഏജന്‍സികളുടെ പക്ഷം.
ടിക്കറ്റിനുള്ള ഡിമാന്റ് മുതലാക്കാന്‍ ശ്രമം
ടിക്കറ്റിനുള്ള വന്‍ ഡിമാന്റ് മുതലാക്കാനുള്ള ശ്രമമാണ് എയര്‍ലൈന്‍സുകള്‍ നടത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിലുണ്ടായ വലിയ നഷ്ടം നികത്താനുള്ള വിമാന കമ്പനികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇങ്ങനെ ടിക്കറ്റിന് തീവില ഈടാക്കാനുള്ള നീക്കം വ്യോമയാന മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നു. ആദ്യ ദിവസങ്ങളില്‍ തന്നെ യാത്ര ചെയ്യാതെ ഏതാനും ദിവസം കാത്തിരിക്കുന്നതാണ് നല്ലെന്നും അവര്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 18 മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് കാത്തിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്.
ആദ്യ വിമാനം ഇന്ന് കൊച്ചിയില്‍ നിന്ന്
ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ലഭിച്ച സീറ്റ് വിഹിതം വീതിച്ചുനല്‍കാന്‍ കുവൈറ്റ് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഫൗസാന്‍ ഇന്ത്യന്‍ വ്യോമയാന വകുപ്പിനോട് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനിരിക്കുന്നതേയുള്ളൂ. ഇതുപ്രകാരം കുവൈറ്റിലേക്കുള്ള ആദ്യ വിമാനം കൊച്ചിയില്‍ നിന്ന് വ്യാഴാഴ്ച സര്‍വീസ് നടത്തും. ഒരു ലക്ഷം രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രത്യേക എയര്‍ ബബിള്‍ സംവിധാനത്തിലൂടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kuwait plans to resume direct flights from today
Malayalam News from malayalam.samayam.com, TIL Network