കൊല്ലം: ഓച്ചിറയ്ക്കടുത്ത് അഴീക്കലിൽ വള്ളം മറിച്ച് മൂന്ന് പേർ മരിച്ചു. ഹാർബറിന് സമീപത്താണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. 16 പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. രക്ഷപ്പെട്ടവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ആറാട്ടുപുഴ സ്വദേശികളായ റിനു, അനീഷ്, സോമൻ, റിജു, ബിജു, കാനു, അരവിന്ദൻ, സുനിൽ ദത്ത് , ബൈജു, സുമേശ് എന്നിവരെയാണ് വിവിധ ആശുപത്രികളിൽ എത്തിച്ചത്. മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് എത്തിക്കും.
ഇന്ന് രാവിലെ കായംകുളം വലിയഴീക്കലിൽ നിന്നാണ് മത്സ്യ ബന്ധനത്തിനായി വള്ളം പോയത്. വള്ളം തിരയിൽ പെട്ട് മറിയുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
രക്ഷപ്പെടുത്തിയവരിൽ 7 പേരേ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. 2 പേരെ ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ള ആളുകളെ കരുനാഗപ്പള്ളിയിലെ താലൂക്ക് ആശുപത്രിയിലേക്കാണ് എത്തിച്ചിട്ടുള്ളത്. ഇവരിൽ രൊളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
ആറാട്ടുപുഴ സ്വദേശിയുടെ പേരിലുള്ള ഓംകാര എന്ന വള്ളമായിരുന്നു മറിഞ്ഞത്. അതേസമയം കോസ്റ്റൽ പോലീസിന്റെ ബോട്ട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടില്ല എന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയിട്ടുണ്ട്.
അപടകത്തിൽ പെട്ട ഒരാളെ ഇനിയും കണ്ടെത്താനുണ്ടെന്നും മറൈനും കോസ്റ്റൽ പോലീസും സംയുക്തമായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സുനിൽ ദാസ് പറഞ്ഞു.
Content Highlights: Boat accident in azheekal – 3 died