തിരുവനന്തപുരം: ഈ മാസം 20 മുതല്‍ 22 വരെ കേരളത്തിലെ മന്ത്രിമാര്‍ പഠനത്തിരക്കിലായിരിക്കും. എങ്ങനെ നന്നായി ഭരിക്കാമെന്നതാണ് വിഷയം. തലസ്ഥാനത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് (ഐ.എം.ജി.) ആണ് ‘പള്ളിക്കൂടം’.
ദിവസവും രാവിലെ 9.30 മുതല്‍ 1.30 വരെ ഒരുമണിക്കൂര്‍ വീതമുള്ള ക്ളാസുകളില്‍ ഒമ്പതെണ്ണത്തിന് മന്ത്രിമാര്‍ ഹാജരാകണം. മന്ത്രിമാരിലേറെയും പുതുമുഖങ്ങളാണ്. ചിലര്‍ക്കെങ്കിലും ഭരണകാര്യങ്ങളില്‍ പിടിപ്പുപോരെന്ന അണിയറ വര്‍ത്തമാനമുണ്ട്. മുഖ്യമന്ത്രിയാണ് പഠനക്കളരി എന്ന ആശയം മുന്നോട്ടുവെച്ചത്.
സാമൂഹിക മാധ്യമങ്ങള്‍ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതുവരെ പഠനവിഷയങ്ങളിലുണ്ട്. കേരളത്തിലാദ്യമായാണ് മന്ത്രിമാര്‍ക്ക് ഇത്രയും വിപുലമായ പരിശീലനം സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരാണ് അധ്യാപകര്‍. മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ മന്ത്രിമാര്‍ കോഴിക്കോട് ഐ.ഐ.എമ്മില്‍ ഒരുദിവസം ക്ലാസില്‍ പങ്കെടുത്തിരുന്നു.
Content Highlights: Kerala Ministers to undergo three days training