2.07 മീറ്റര്‍ ഉയര്‍ന്നു ചാടിയാണ് പ്രവീണ്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്
ടോക്കിയോ: പാരാലിംപിക്സില്‍ ചരിത്ര മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ. പുരുഷ വിഭാഗം ഹൈ ജമ്പില്‍ പ്രവീണ്‍ കുമാറിലൂടെ 11-ാം മെഡല്‍ ഇന്ത്യ ഉറപ്പിച്ചു. 2.07 മീറ്റര്‍ ഉയര്‍ന്നു ചാടിയാണ് പ്രവീണ്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഏഷ്യന്‍ റെക്കോര്‍ഡോഡെയാണ് പതിനെട്ടുകാരനായ പ്രവീണിന്റെ നേട്ടം.
മെഡല്‍ നേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവീണിനെ അഭിനന്ദിച്ചു. “പാരലിംപിക്സില്‍ വെള്ളി മെഡല്‍ നേടിയ പ്രവീണ്‍ കുമാറിനെയോര്ത്ത് അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റേയും സമാനതകളില്ലാത്ത അര്‍പ്പണ ബോധത്തിന്റെയും ഫലമാണിത്. ഭാവിയിലേക്ക് എല്ലാ ആശംസകളും നേരുന്നു,” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
2.10 മീറ്റര്‍ ഉയര്‍ന്ന് ചാടിയ ഗ്രേറ്റ് ബ്രിട്ടണിന്റെ ജോനാഥന് ബ്രൂം എഡ്വേര്‍ഡ്സിനാണ് സ്വര്‍ണം. പോളണ്ടിന്റെ എം. ലെപിയാത്തൊ വെങ്കലവും നേടി.
പുരുഷന്മാരുടെ ടി 64 വിഭാഗത്തില്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 1.92 മീറ്റര്‍ ചാടിയാണ് പ്രവീണ്‍ പാരാലിമ്പിക്സിന് യോഗ്യത നേടിയത്. ഇത് തന്നെയായിരുന്നു പ്രവീണിന്റെ കരിയറിലെ മികച്ച പ്രകടനവും. കാല് മുറിച്ച് മാറ്റിയതിന് ശേഷം കൃത്രിമ കാലുപയോഗിച്ച് മത്സരിക്കുന്ന വിഭാഗമാണ് ടി 64.
Also Read: സച്ചിനേയും പോണ്ടിങ്ങിനേയും ബഹുദൂരം പിന്നിലാക്കി കോഹ്ലി