ഹൈലൈറ്റ്:
- ഓൺലൈൻ ടാക്സി സമ്പ്രദായത്തിന് നവംബറിൽ തുടക്കം
- ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു
- പദ്ധതിയിൽ അംഗങ്ങൾ ആകുന്ന വാഹനങ്ങൾക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല
കൊച്ചി: യൂബർ, ഓല മോഡലിൽ ഓട്ടോ ടാക്സി സർവ്വീസ് തുടങ്ങാൻ പദ്ധതിയുമായി സർക്കാർ. തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഉദ്ഘാടനം നവംബർ ഒന്നിനു നടത്തുമെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിലെ വാണിജ്യ വാഹനങ്ങൾക്കായി യൂബർ, ഓല മോഡലിൽ സർക്കാർ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി ഓട്ടോ സമ്പ്രദായത്തിന്റെ ഉദ്ഘാടനം നവംബർ 1 ന് നടക്കും. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗതാഗതം, ഐടി, പോലിസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി ഓട്ടോ സമ്പ്രദായത്തിന്റെ നിയന്ത്രണം ലേബർ കമ്മീഷണറേറ്റിനാണ്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ യോഗം വിളിച്ചു ചേർത്തു. ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനം നടപ്പിലാക്കുന്നത് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ആയിരിക്കണം. ഇതിനുള്ള സാഹചര്യങ്ങളും ബോർഡ് ഒരുക്കും- മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനത്തിന്റെ നടത്തിപ്പിലേക്കായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് ഫണ്ട് ചെലവഴിക്കില്ല. എന്നാൽ ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനത്തിന്റെ പരസ്യചെലവിന് ആവശ്യമായ തുക കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അഡ്വാൻസ് ചെയ്യും. ഈ തുക പദ്ധതി നടപ്പാക്കുമ്പോൾ സർക്കാരിന് ലഭിക്കുന്ന തുകയിൽ നിന്ന് തിരികെ ലഭ്യമാക്കും.
Also Read: ചെന്നിത്തല പശ്ചാത്തപിക്കേണ്ടി വരും; ആരും ഉമ്മൻചാണ്ടിക്ക് പിന്നിൽ ഒളിക്കേണ്ടെന്ന് തിരുവഞ്ചൂർ
നിലവിലെ കൊവിഡ് സാഹചര്യങ്ങൾ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയിൽ അംഗങ്ങൾ ആകുന്ന വാഹനങ്ങൾക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല. പകരം സ്മാർട്ട് ഫോൺ ജിപിഎസ് നാവിഗേഷനായി ഉപയോഗിക്കാവുന്നതാണ്.
പൈലറ്റ് പ്രൊജക്ട് തിരുവനന്തപുരം ജില്ലയിലാണ് നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി ട്രയൽ റൺ നടത്തും. ലേബർ കമ്മിഷണറേയും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിനേയും ഐ ടി ഐ ലിമിറ്റഡിനേയും ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ചുമതലപ്പെടുത്തി, മന്ത്രി പറഞ്ഞു.
മഴയും കൊവിഡും, വിനോദ സഞ്ചാരികള്‍ ഇടുക്കിയോട് മുഖം തിരിക്കുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala government is planning to uber model auto taxi service
Malayalam News from malayalam.samayam.com, TIL Network