കോഴിക്കോട്: ചികിത്സയിലിരിക്കെ മരിച്ച 12 വയസ്സുള്ള കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശനിയാഴ്ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം ലഭിച്ചത്. ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്നു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചിട്ടുണ്ട്. നിരീക്ഷണത്തിലിരിക്കുന്ന ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇതുവരെ ഇല്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. സമ്പര്‍ക്ക പട്ടിക ഇന്നലെ രാത്രി മുതല്‍ തന്നെ തയ്യാറാക്കിവരികയാണെന്നും മന്ത്രി അറിയിച്ചു. മാവൂര്‍ മുന്നൂര് സ്വദേശിയായ 12 വയസുകാരനാണ് ഇന്ന് പുലര്‍ച്ചയോടെ നിപ ബാധിച്ച് മരിച്ചത്.
തുടക്കം സാധാരണ പനിയായിരുന്നു. പനിബാധിച്ച കുട്ടിയെ ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഭേദമാകാതിരുന്നതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ കുറച്ച് സമയം തുടര്‍ന്നു. ഇവിടെ നിന്നാണ് ഒന്നാം തിയതിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 104 ഡിഗ്രി പനിയുണ്ടായിരുന്നു . മസ്തിഷ്കജ്വരവും ഛര്‍ദ്ദിയും ഉണ്ടായിരുന്നു.
അബോധാവസ്ഥയിലായിരുന്ന കുട്ടി ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇതിനിടയില്‍ ഡോക്ടര്‍മാക്ക് സംശയം തോന്നിയാണ് സാമ്പിളുകള്‍ പരിശോധനയക്കയച്ചത്. ശനിയാഴ്ച രാത്രി തന്നെ ഫലം ലഭ്യമായിരുന്നെങ്കിലും ആരോഗ്യ വകുപ്പ് ഇന്നാണ് സ്ഥീരികരിച്ചത്.
കോഴിക്കോട്ടെ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും ആരോഗ്യ വിദഗ്ദ്ധരും ചേര്‍ന്ന് ഇന്നലെ തന്നെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ നേരിടാന്‍ ഒരു കര്‍മ പദ്ധതി തയ്യാറായിക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.