Gokul Murali | Samayam Malayalam | Updated: Sep 5, 2021, 8:43 AM
പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോടിന് പുറമെ, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
മന്ത്രി വീണാ ജോർജ് (ഫയൽചിത്രം/facebook )
ഹൈലൈറ്റ്:
- പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
- കോഴിക്കോടിന് പുറമെ, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്
- പ്രാഥമിക സമ്പര്‍ക്കപട്ടികയിൽ അഞ്ച് പേർ
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ഇന്ന് പുലര്‍ച്ചെ മരിച്ച 12കാരന് രോഗം സ്ഥിരകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കുട്ടിയുടെ ആദ്യ സ്രവ സാംപിള്‍ പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ മൂന്ന് സാംപിളുകളും പോസിറ്റീവാണ്. അതേസമയം കുട്ടിയുമായി അടുത്ത് ഇടപെട്ട ആര്‍ക്കും രോഗലക്ഷണമില്ല.
Also Read : ക്വാറന്റീൻ നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ, സ്വന്തം ചിലവിൽ നിര്‍ബന്ധിത ക്വാറന്റീന്; നടപടി ഇന്നുമുതൽ
ആശങ്ക ആവശ്യമില്ലെന്നും ശനിയാഴ്ച രാത്രി തന്നെ ഉന്നത തല യോഗം ചേര്‍ന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. കോഴിക്കോടിന് പുറമെ, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
പ്രാഥമിക സമ്പര്‍ക്കപട്ടികയിൽ അഞ്ച് പേരാണുള്ളത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. സമ്പര്‍ക്ക പട്ടിക ഇന്നലെ രാത്രി മുതൽ തന്നെ തയ്യാറാക്കി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസം ഒന്നാം തീയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി കുറയാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെ കുട്ടിയുടെ നില ഗുരുതരമാകുകയും പുലര്‍ച്ചെ 4.45 ഓടെ മരിക്കുകയുമായിരുന്നു.
അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദ്ദിയും മസ്തിഷ്ക ജ്വരവുമുണ്ടായിരുന്നു.
കുട്ടിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളും ബന്ധുക്കളും അയൽവാസികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണുള്ളത്. അഞ്ച് പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ റോഡുകള്‍ പോലീസ് അടച്ചിട്ടുണ്ട്. കുട്ടിയെ നേരത്തെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരേയും നിരീക്ഷണത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കുട്ടിയെ ഈ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലടക്കം മറ്റ് രണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കോഴിക്കോട് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉന്നതതല യോഗം ചേരും. യോഗത്തിൽ മന്ത്രിമാരായ വീണാ ജോര്‍ജും മുഹമ്മദ് റിയാസും പങ്കെടുക്കും. മരിച്ച 12കാരന്റെ സംസ്കാരം 10 മണിക്ക് നടക്കും.
2018 മേയ് മാസത്തിൽ പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പിന്നീട് കോഴിക്കോടിന് പുറത്ത് മലപ്പുറം ജില്ലയിലടക്കം രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് രോഗം പകർന്നതായും കണ്ടെത്തിയിരുന്നു. 17 പേർ അന്ന് നിപ ബാധിച്ച് മരിച്ചിരുന്നു.
2019ൽ കൊച്ചിയിലും ഒരു നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നുവെങ്കിലും വേഗത്തിൽ തന്നെ ഇത് നിയന്ത്രണ വിധേയമാക്കുവാൻ സാധിക്കുകയായിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kozhikode child who suspected with nipah virus confirms the infection as three samples tested positive
Malayalam News from malayalam.samayam.com, TIL Network