എടപ്പാള്‍ : ജുണുവിനെ സംബന്ധിച്ച് പോത്ത് വെറുമൊരു പോത്തല്ല. അത് സ്നേഹിക്കാനുള്ളൊരു മൃഗമാണ്. ഒപ്പം ജീവനോപാധിയും.
ചാലിശ്ശേരി അങ്ങാടി ഹെബ്രോന്‍ സ്ട്രീറ്റിലെ പുലിക്കോട്ടില്‍ സണ്ണിയുടെ മകന് ജുണുവിന്റെ ഫാമിലെ രണ്ടുവയസ്സുള്ള ബെല്ലാരി കര്‍ണനെ കണ്ടാല്‍ ആര്‍ക്കും അതു ബോധ്യപ്പെടും. കേരളത്തിലെ ഏറ്റവുംമികച്ച പോത്തിനെ കണ്ടെത്താന്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തിയ ബെസ്റ്റ് ബുള്‍ ഓഫ് കേരള ഓണ്‍ലൈന്‍ മത്സരത്തില്‍ നാനൂറിലധികം വോട്ടുകള്‍നേടി ഒന്നാംസ്ഥാനം നേടിയവനാണ് ഇവന്. ഇതോടെ കളിയല്ല, പോത്തുവളര്ത്തലെന്ന ധാരണ നാട്ടിലും പരന്നിരിക്കുകയാണ്.
ഗുജറാത്തില്‍നിന്നുള്ള ജാഫ്രബാദി ഇനത്തില്‍പ്പെട്ടതാണ് കര്ണന്. ഗുജറാത്തിലെ രാജകുടുംബങ്ങളിലാണു സാധാരണ ഇത്തരം ജനുസ്സുകളെ വളര്‍ത്തിയിരുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇത്തരം പോത്തുകളുടെ വില്‍പ്പനയും പലപ്പോഴും മോഹവിലയ്ക്കാണു നടക്കുന്നത്.
രണ്ടുവര്‍ഷം മുന്‍പ് ജുണു ചാലിശ്ശേരിയില്‍ തുടങ്ങിയ ഫാമില്‍ അന്‍പതോളം പോത്തുകളുണ്ട്. സുഹൃത്ത് ജിയോ നല്കിയ ആശയമാണ് ഇരുപത്തിയാറുകാരനായ ജുണുവിന് പോത്തുഫാം നടത്താന്‍ പ്രേരണയായത്. ഹരിയാണയില്‍നിന്ന് ഇതിനകം ഇദ്ദേഹം മുപ്പതോളം ലോഡ് പോത്തുകളെ എത്തിച്ച് വില്‍പ്പന നടത്തിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍നിന്നുള്ള മുറ ഇനത്തില്‍പ്പെട്ട പോത്തുകളാണ് ഇതില്‍ ഏറെയും.