നേര്‍ത്ത നൂലുപോലുള്ള, വായിലിട്ടാന്‍ അലിഞ്ഞുപോകുന്ന, മധുരം കിനിയുന്ന സോൻ പപ്പടിയുടെ ആരാധകരല്ലാത്തവര്‍ ആരാണുള്ളത്. ഇന്ത്യയിലെല്ലായിടത്തും ഒരുപോലെ ലഭ്യമായ ഈ മധുരപലഹാരം തയ്യാറാക്കുന്ന വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. ഒരുപാട് സമയമെടുത്ത് നാലുപേര്‍ ചേര്‍ന്നാണ് ഈ സ്വാദിഷ്ടമായ പലഹാരം തയ്യാറാക്കുന്നത്. വീഡിയോ കണ്ടാല്‍ പലഹാര കൊതിയന്മാരുടെ വായില്‍ വെള്ളമൂറും ഉറപ്പ്.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ഭക്ഷണങ്ങളെ പറ്റിയും അവ തയ്യാറാക്കുന്നതിനെത്തുറിച്ചും വിവരിക്കുന്ന ഇന്ത്യ ഈറ്റ്സ് മാനിയ എന്ന വ്ളോഗിലാണ് സോൻ പപ്പടി തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗുജറാത്തിലെ മെഗാ കിച്ചന് ഫാക്ടറിയാണ് സ്ഥലം. വീഡിയോ യൂട്യൂബില്‍ പങ്കുവെച്ച് ഒരാഴ്ചയ്ക്കുള്ളില്‍ 6.7 കോടി പേരാണ് കണ്ടത്.
നാലുകിലോ സോൻ പപ്പടി നാലുപേര്‍ ചേര്‍ന്നാണ് തയ്യാറാക്കുന്നത്. മെഷീനില്‍ പഞ്ചസാര സിറപ്പ് തയ്യാറാക്കുന്നതാണ് ആദ്യപടി. അതിനുശേഷം ഇത് തണുക്കാന്‍ വെക്കും. തുടര്‍ന്ന് നാലുപേര്‍ ചേര്‍ന്ന് തണുത്ത സിറപ്പിനെ നന്നായി കുഴച്ച് വലിയൊരു റബ്ബര്‍ ബാന്‍ഡ് രൂപത്തിലാക്കും. കടലമാവും ഉണങ്ങിയ പഴങ്ങളും നെയ്യും ചേര്‍ത്ത മിശിത്രം ചേര്‍ത്തു കൊടുക്കും. ഇത് വീണ്ടും നന്നായി കുഴച്ച് ചേര്‍ക്കും. മിശ്രിതം നൂലുപോലെ, നേര്‍ത്തു വരുന്നതുവരെ ഈ പ്രക്രിയ തുടരും. അതിനുശേഷം മുകളില്‍ ഉണങ്ങിയ പഴങ്ങള്‍ നിരത്തിയശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കും. തുടര്‍ന്ന് പാക്കറ്റുകളിലാക്കി വില്‍പ്പനയ്ക്ക് തയ്യാറാക്കുന്നാണ് വീഡിയോയില്‍ ഉള്ളത്.
Content highlights: how to make soan papdi viral video shows painstaking process