തിരുവനന്തപുരം: കോണ്‍ഗ്രസിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്. മഞ്ഞുരുകിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതിന് മഞ്ഞുണ്ടായിട്ട് വേണ്ടേയെന്നായിരുന്നു സുധാകരന്റെ മറുപടി.
ഇരുവരുടേയും നേതൃത്വം കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഉറപ്പാക്കിയാണ് ഞങ്ങള്‍ പിരിഞ്ഞത്. ഇനി ചര്‍ച്ചയില്ലെന്നും ഇവിടെ ചര്‍ച്ച തീര്‍ന്നെന്നും സുധാകരന് വ്യക്തമാക്കി.
അവരുടെ പരിഭവങ്ങളൊക്കെ പരിഹരിച്ചു. എല്ലാ പ്രശ്നങ്ങളും തീര്‍ന്നു. ഒറ്റക്കെട്ടായി പോകാനുള്ള ധാരണയാണ് ഞങ്ങള്‍ എടുത്തിട്ടുള്ളത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടാകും’കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
തര്‍ക്കം തീര്‍ന്നതോടെ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലേക്ക് വരുന്നത് മാറ്റിവെച്ചെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.