ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യ പ്രതി മണിച്ചന്റെ രണ്ട് സഹോദരന്മാരെ ശിക്ഷ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ജയില്‍ മോചിപ്പിക്കുന്നതിനുള്ള ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. റിട്ട. ജഡ്ജി കെ.കെ.ദിനേശന് ചെയര്‍മാനായ സംസ്ഥാനതല ജയില്‍ ഉപദേശകസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ നിര്‍ദേശം. ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, പാരിപ്പള്ളി പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ചാണ് ജയില്‍ ഉപദേശക സമിതി പ്രതികളുടെ മോചനത്തിനുള്ള ശുപാര്‍ശ കൈമാറിയത്.
കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മണികണ്ഠന് (കൊച്ചനി), വിനോദ് കുമാര്‍ എന്നിവരുടെ ജയില്‍ മോചനം സംബന്ധിച്ച ഉത്തരവ് രണ്ട് ആഴ്ചയ്ക്കിടയില്‍ ഇറക്കാനാണ് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചത്. മണികണ്ഠന് 20 വര്‍ഷവും 10 മാസവും ശിക്ഷ അനുഭവിച്ചപ്പോള്‍ വിനോദ് കുമാര്‍ 21 വര്‍ഷമാണ് ശിക്ഷ അനുഭവിച്ചത്. ഓഗസ്റ്റ് 16 ന് ചേര്‍ന്ന ജയില്‍ ഉപദേശക സമിതി യോഗമാണ് മോചനത്തിനുള്ള ശുപാര്‍ശ കൈമാറിയത്. ഈ ശുപാര്‍ശയിലാണ് തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഇരുവരെയും ജയിലില്‍ നിന്ന് വിട്ടയക്കുന്നതിന് എതിരെ മൂന്ന് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ നല്കിയ മറുപടി തൃപ്തികരമല്ലെന്നു ജയില്‍ ഉപദേശക സമിതി വ്യക്തമാക്കി. ഇരുവര്‍ക്കും വിദ്യാഭ്യാസമില്ലെന്നും മറ്റ് തൊഴിലുകളില്‍ പ്രാവീണ്യം ഇല്ലാത്തതിനാല്‍ വീണ്ടും വ്യാജ വാറ്റിലേക്ക് തിരിയാന്‍ ഇടയുണ്ടെന്നും ആണ് പോലീസ് ഉന്നയിച്ച പ്രധാന ആശങ്ക. എന്നാല്‍ ജയിലിലിന് ഉള്ളിലോ, പുറത്തോ വച്ച് ഇരുവര്‍ക്കും എതിരെ പരാതികള്‍ ഉണ്ടായിട്ടില്ല എന്ന് ജയില്‍ ഉദ്യോഗസ്ഥരും ഉപദേശക സമിതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരോള്‍ കാലാവധി കഴിയുമ്പോള്‍ കൃത്യമായി തന്നെ ഇരുവരും ജയിലില്‍ മടങ്ങി എത്തിയിരുന്നതായും ജയില്‍ ഉദ്യോഗസ്ഥര്‍ ഉപദേശക സമിതിയെ അറിയിച്ചിരുന്നു.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ജയില്‍ മോചിതനാക്കണം എന്ന മണികണ്ഠന്റെ ആവശ്യം പന്ത്രണ്ട് തവണ ജയില്‍ ഉപദേശകസമിതി ഇതിന് മുമ്പ് പരിഗണിച്ചിട്ടുണ്ട്. വിനോദ് കുമാറിന്റെ അപേക്ഷ പത്ത് തവണയാണ് ജയില്‍ ഉപദേശകസമിതി പരിഗണിച്ചിരുന്നത്. എന്നാല്‍ ചെയ്ത കുറ്റം ഗൗരവ്വമേറിയത് ആയതിനാല്‍ കാലാവധി പൂര്‍ത്തിയാകാതെ ജയില്‍ മോചനം വേണ്ട എന്ന തീരുമാനമാണ് ഉപദേശക സമിതി മുന്‍കാലങ്ങളില്‍ സ്വീകരിച്ചത്.
വിനോദിന്റെ ഭാര്യ അശ്വതിയും, മണികണ്ഠന്റെ ഭാര്യ രേഖയുമാണ് ഭര്ത്താക്കന്മാരുടെ ജയില്‍ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ഇരുവര്‍ക്കും വേണ്ടി എസ് കെ ഭട്ടാചാര്യ, മാലിനി പൊതുവാള് എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ്, അഭിഭാഷകന് എം.എല്‍ ജിഷ്ണു എന്നിവരാണ് ഹാജരായത്.
Content Highlights: Kalluvathukkal hooch tragedy Supreme Court