ന്യൂഡൽഹി: വൈദ്യുതി ഉൽപ്പാദനത്തിന് ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് നൽകുന്ന ജലത്തിന്റെ റോയൽറ്റി പിരിക്കാൻ കെഎസ്ഇബിക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. റോയൽറ്റി ആവശ്യപ്പെടുന്ന ബോർഡിന്റെ നിലപാട് ഏകപക്ഷീയം ആണെന്ന വാദം സുപ്രീം കോടതി തള്ളി.
മണിയാർ ജലവൈദ്യുത പദ്ധതിക്ക് റോയൽറ്റി അവകാശപെട്ടതിനെതിരെ കാർബൊറഡം യൂണിവേഴ്സൽ ലിമിറ്റഡും, ഇടുക്കി കുളത്തിങ്കലിലെ ജലവൈദ്യുത പദ്ധതിക്ക് റോയൽറ്റി അവകാശപ്പെട്ടതിനെതിരെ ഇൻഡീസിൽ ഹൈഡ്രോ പവർ ആൻഡ് മാൻഗനീസ് ലിമിറ്റഡ് എന്ന കമ്പനിയും ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
പദ്ധതികളിൽ നിന്ന് സ്വകാര്യ സംരംഭകർ ചില നേട്ടങ്ങൾ ഉണ്ടാക്കുമ്പോൾ അതിൽ നിന്ന് ന്യായമായ തുക ഈടാക്കുന്നതിൽ തെറ്റില്ല എന്ന് കോടതി വ്യക്തമാക്കി. ബോർഡ് ലഭ്യമാക്കുന്ന ജലമാണ് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ബോർഡിനെ സംബന്ധിച്ചെടുത്തോളം സുപ്രീം കോടതി വിധി ആശ്വാസകരമാണ്. കെഎസ്ഇബിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, പി വി ദിനേശ് എന്നിവർ ഹാജരായി.