കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് 12-കാരൻ മരണപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്താൻ തീരുമാനം. പാഴൂർ പ്രദേശത്തോട് ചേർന്നുള്ള മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പ്രദേശത്തുള്ളവരെ പുറത്തേക്ക് പോകുന്നതിനോ, ഇതര ഭാഗങ്ങളിൽ നിന്ന് ആളുകളെ ഈ ഭാഗത്തേക്ക് പ്രവേശിക്കുന്നതിനോ അനുവദിക്കില്ല.
നിത്യോപയോഗ സാധനങ്ങളുടെ കടകൾ രാവിലെ 7 മുതൽ ഉച്ചക്ക് 2 മണിവരെ പ്രവർത്തിക്കും. വീടുകളിൽ കഴിയുന്നവര്‍ക്ക് അത്യാവശ്യ സാധനങ്ങൾ ആർ.ആർ.ടിമാർ മുഖേന ലഭ്യമാക്കും. നിത്യോപയോഗ സാധനങ്ങൾ കടകളിൽ എത്തിച്ചു കൊടുക്കുന്നതിനുള്ള വാഹനങ്ങൾക്ക് മാത്രമേ അനുമതി നൽകുകയുള്ളൂ.
പാഴൂരിന് മൂന്ന് കി.മീറ്റർ ചുറ്റളവിലുള്ള താമസക്കാരിൽ മാരക രോഗത്തിന് ചികിത്സ, പരീക്ഷ, ഗൾഫിൽ യാത്ര എന്നീ ആവശ്യങ്ങൾക്കായുള്ളവർക്ക് മാത്രമേ യാത്ര ചെയ്യുന്നതിന് ഇളവുണ്ടാവുകയുള്ളൂ. അവശ്യ സർവീസ് ജീവനക്കാർ, പഞ്ചായത്ത്, വില്ലേജ് ഓഫീസ് ജീവനക്കാർ എന്നിവർക്കും ഇളവ് ബാധകമാണ്. പഞ്ചായത്തിൽ പൊതുവിലുള്ള നിയന്ത്രണങ്ങൾ തുടരും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.