വിവരങ്ങൾ വിശകലനം ചെയ്ത് ബന്ധപ്പെട്ട അച്ചടക്ക നടപടികൾ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു
2022 -ലെ ഫിഫ ലോകകപ്പ് യോഗ്യതക്കായുള്ള ബ്രസീൽ- അർജന്റീന മത്സരം നിർത്തിവച്ചത് സംബന്ധിച്ച് ഫിഫയുടെ ഔദ്യോഗിക പ്രസ്താവന പുറത്തിറങ്ങി. ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീലും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം ഞായറാഴ്ച രാത്രി താൽക്കാലികമായി നിർത്തിവച്ചിരുന്നു.
തെക്കേ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ സംഘടിപ്പിച്ച (കോൺമെബോൾ) മത്സരം നടക്കുന്നതിനിടെ ബ്രസീലിയൻ ആരോഗ്യ അധികാരികൾ പിച്ചിലേക്ക് കയറി വരികയും ടോട്ടനം ഹോട്ട്സ്പറിൽ നിന്നുള്ള ആസ്റ്റൺ വില്ലയിലെ ജിയോവാനി ലോ സെൽസോ, ക്രിസ്റ്റ്യൻ റൊമേറോ എമിലിയാനോ മാർട്ടിനെസ് എന്നീ അർജന്റീനിയൻ താരങ്ങളെ തടയുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് മത്സരം നിർത്തിവച്ചത്.
മൂന്ന് അർജന്റീനിയൻ താരങ്ങളും കോവിഡ് -19 പ്രോട്ടോക്കോളുകൾ ലംഘിച്ചതായി ആരോപിച്ചായിരുന്നു ബ്രസീൽ അധികൃതർ അവരെ തടഞ്ഞത്. ആസ്റ്റൺ വില്ലയിലെ എമിലിയാനോ ബ്യൂണ്ടിക്കെതിരെയും ബ്രസീൽ അധികൃതർ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ബ്യൂണ്ടിയയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.
Read More: കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്ന് പരാതി; ബ്രസീൽ-അർജന്റീന മത്സരം ഉപേക്ഷിച്ചു
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നാല് അർജന്റീനിയൻ കളിക്കാരോടും മത്സരത്തിനം മുൻപായി ക്വാറന്റൈനിലേക്ക് മാറാൻ ബ്രസീലിന്റെ ആരോഗ്യ ഏജൻസി ഉത്തരവിട്ടിരുന്നു.
ബ്രസീൽ അർജന്റീന മത്സരം നിർത്തിവച്ചതുമായി ബന്ധപ്പെട്ടുണ്ടായ സാഹചര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഫിഫ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ട് ഫിഫയിലേക്ക് അയച്ചിട്ടുണ്ടെന്നും ഈ വിവരങ്ങൾ വിശകലനം ചെയ്ത് ബന്ധപ്പെട്ട അച്ചടക്ക നടപടികൾ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
മത്സരം നിർത്തിവയ്ക്കുന്നതായി കോൺമെബോൾ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. “മാച്ച് റഫറിയുടെ തീരുമാനപ്രകാരം, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ബ്രസീലും അർജന്റീനയും തമ്മിൽ ഫിഫ സംഘടിപ്പിച്ച മത്സരം താൽക്കാലികമായി നിർത്തിവച്ചു,” എന്നായിരുന്നു കോൺമെബോളിന്റെ പ്രസ്താവന.