ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഒലി പോപ്പിനെ ബൗള്‍ഡാക്കിയായിരുന്നു ബുംറ തന്റെ നേട്ടം ആഘോഷിച്ചത്
ഓവല്‍: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലേക്ക് ഇനി ജസ്പ്രിത് ബുംറയും. വെള്ളക്കുപ്പായത്തില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന താരമായിരിക്കുകയാണ് ബുംറ. കേവലം 24 മത്സരങ്ങള്‍ മാത്രമാണ് നാഴികക്കല്ല് മറികടക്കാന്‍ താരത്തിന് വേണ്ടി വന്നത്. തകര്‍ത്തതാകട്ടെ സാക്ഷാല്‍ കപില്‍ ദേവിന്റെ റെക്കോര്‍ഡും.
25 മത്സരങ്ങളില്‍ നിന്നായിരുന്നു കപില്‍ 100 വിക്കറ്റ് തികച്ചത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഒലി പോപ്പിനെ ബൗള്‍ഡാക്കിയായിരുന്നു ബുംറ തന്റെ നേട്ടം ആഘോഷിച്ചത്. പോപ്പിന് പിന്നാലെയെത്തിയ ജോണി ബെയര്‍സ്റ്റോയ്ക്കും ബുംറയുടെ പേസിന് മുന്നില്‍ മുട്ടു മടക്കേണ്ടി വന്നു. 22.45 എന്ന ശരാശരിയിലാണ് ബുംറയുടെ നേട്ടം.
ബുംറയ്ക്കും, കപിലിനും തൊട്ടു പിന്നില്‍ ഇര്ഫാന് പത്താനാണ്. 28 മത്സരങ്ങളില്‍ നിന്നാണ് പത്താന് 100 വിക്കറ്റ് നേടിയത്. മുഹമ്മദ് ഷമി (29), ജവഗല്‍ ശ്രീനാഥ് (30), ഇഷാന്ത് ശര്‍മ (33) എന്നിവരാണ് വിക്കറ്റുകളില്‍ അതിവേഗം ഇന്ത്യക്കായി സെഞ്ചുറി നേടിയ മറ്റ് താരങ്ങള്‍.