കുട്ടികൾ ആരോഗ്യത്തോടെ വളരണമെങ്കിൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ബുദ്ധിപരമായ വികാസത്തിനും രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും പോഷകാഹാരം കൂടിയേ തീരൂ…
കുട്ടികൾ ഊർജ്ജസ്വലരായി വളരാൻ ഈ പോഷകങ്ങൾ ഉറപ്പാക്കാം
ഹൈലൈറ്റ്:
- കുട്ടികളുടെ ആരോഗ്യത്തിന് വേണം പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ
- എന്തൊക്കെ അവരുടെ ആഹാരശീലത്തിൽ ഉൾപ്പെടുത്തണം എന്ന് നോക്കാം
കുട്ടിയുടെ ബുദ്ധിപരമായ വികാസത്തിനും രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും പോഷകാഹാരം ലഭിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു വയസ് മുതൽ ആറു വയസു വരെ പ്രായമുള്ള കുട്ടികൾ വളർച്ചയുടെ അടിസ്ഥാന ഘട്ടത്തിലാണ്. ഈ സമയത്ത് സമീകൃതാഹാരം തന്നെ നൽകേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ കൃത്യമായ രീതിയിൽ വളർച്ച സാധ്യമാകൂ.
കൊവിഡ് -19 പോലുള്ള പകർച്ച വ്യാധികൾ പിടിപെടാതിരിക്കാനും അവയിൽ നിന്ന് ആരോഗ്യകരമായി രക്ഷ നേടാനും മികച്ച ഭക്ഷണ രീതി അത്യാവശ്യമാണ്. എല്ലാവിധ ഭക്ഷണങ്ങളും നിശ്ചിതമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. പച്ചക്കറികൾ, പഴങ്ങൾ, പാൽ, വിവിധ ധാന്യങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കുട്ടികൾക്ക് നിർബന്ധമായും നൽകണം.
കുട്ടിയുടെ ഭക്ഷണക്രമം എങ്ങനെ തയ്യാറാക്കാം?
ഏതൊരാൾക്കും രാവിലെ കഴിക്കുന്ന ഭക്ഷണമാണ് ഏറ്റവും മികച്ചതായിരിക്കേണ്ടത്, ഗുണത്തിലും അളവിലും. കുട്ടികളുടെ കാര്യത്തിലും വ്യത്യസ്തമല്ല, നല്ല പോഷകങ്ങൾ അടങ്ങിയ ആഹാര സാധനങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്ന കുട്ടികൾ ദിവസം മുഴുവൻ ഊർജ്ജസ്വലരായി തുടരുന്നത് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പോഷകക്കുറവുള്ള ആഹാരം രാവിലെ കഴിക്കുന്ന കുട്ടികൾ ദിവസം മുഴുവൻ ഊർജം കുറഞ്ഞ നിലയിലുമാണ് കണ്ടു വരുന്നത്.
പ്രഭാത ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റും സ്റ്റഫ് ചെയ്ത പനീർ റാപ്, എഗ്ഗ് സാൻഡ് വിച്ച് അല്ലെങ്കിൽ വെജ് സാൻഡ് വിച്ച് പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും ഉൾപ്പെടുത്തണം. കുട്ടികൾക്ക് പാലും ധാന്യങ്ങളും പഴങ്ങളും പരിപ്പും ഉൾപ്പെടുത്തണം.
തൈര്, ജ്യൂസുകൾ,നല്ല പഴങ്ങൾ എന്നിവയും ദിവസം മുഴുവൻ ഊർജ്ജസ്വലത നിലനിർത്താൻ ആവശ്യമായ പോഷകങ്ങൾ നൽകും. രാത്രി ഉറങ്ങിയ ശേഷം 8- 10 മണിക്കൂർ നേരം ഭക്ഷണം കഴിക്കാതിരുന്ന ശേഷം പ്രഭാത ഭക്ഷണമായി ഏറ്റവും നല്ല ഭക്ഷണങ്ങൾ തന്നെ കഴിക്കണം.
ഉച്ച ഭക്ഷണം സമൃദ്ധമാക്കാം:
ഉച്ച ഭക്ഷണത്തിലും അത്താഴത്തിലും പരിപ്പ്, അല്ലെങ്കിൽ പയർ വർഗ്ഗങ്ങൾ വേവിച്ചത്, ഏതെങ്കിലും നോൺ വെജ് ഭക്ഷണം, ചപ്പാത്തി അല്ലെങ്കിൽ അരി ഭക്ഷണം, പച്ചക്കറികൾ, സാലഡ്, തൈര് അല്ലെങ്കിൽ റൈത്ത എന്നിവ ഉൾപ്പെടുത്തണം. ഈ ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്, അത് കുട്ടിയുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.
Also read: കഥകൾ കേട്ട് വളരണം നമ്മുടെ കുഞ്ഞുങ്ങൾ!
ഓയിലി ഭക്ഷണങ്ങൾ അധികം വേണ്ട:
ചെറിയ കുട്ടികൾ കൂടുതൽ സമയം വീട്ടിൽ തന്നെ ഇരിക്കുന്നതിനാൽ ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. എന്നാൽ വിശപ്പ് മാറ്റാനായി എണ്ണപ്പലഹാരങ്ങൾ, മധുരം കൂടുതലുള്ള സ്നാക്കുകൾ എന്നിവ കൂടുതലായി നൽകാതിരിക്കുക. കാരണം ഇവ കുട്ടികളിൽ ദഹനത്തെ ബാധിക്കും, മാത്രമല്ല പോഷകങ്ങൾ വലിച്ചെടുക്കാനുള്ള കഴിവ് കുറയ്ക്കാനും ഇത്തരം പലഹാരങ്ങൾ കഴിക്കുന്നത് കാരണമാകും. പ്രധാന ഭക്ഷണ സമയങ്ങൾക്ക് പുറമേ ഇടനേരങ്ങളിൽ ഇത്തരം ഭക്ഷണങ്ങൾ പതിവായി നൽകുന്നത് അമിതഭാരത്തിനും മറ്റ് അസുഖങ്ങൾ രൂപപ്പെടുന്നതിനും വഴിയൊരുക്കും. ചോക്ലേറ്റുകൾ, പല തരം മിട്ടയികൾ എന്നിവയും ഇതിൽ ഉൾപ്പെടും. ദാഹിക്കുമ്പോൾ മധുരം കൂടുതലടങ്ങിയ ജ്യൂസുകൾക്ക് പകരം ശുദ്ധജലം കുടിയ്ക്കാനായി പ്രേരിപ്പിക്കാം.
കൊഴുപ്പ് ആവശ്യം:
കുട്ടികളുടെ വളർച്ച പുരോഗമിക്കാൻ കൊഴുപ്പ് അത്യാവശ്യമാണ്, തലച്ചോറും നാഡീവ്യവസ്ഥയും സാധാരണഗതിയിൽ വികസിക്കാൻ ഇവ സഹായിക്കും. മാത്രമല്ല, ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ വളരെ വേഗത്തിൽ ആഗിരണം ചെയ്യാനും അനുവദനീയമായ അളവിലുള്ള കൊഴുപ്പ് സഹായിക്കും. എന്നാൽ എണ്ണ, നെയ്യ്,ചീസ്, വെണ്ണ തുടങ്ങിയവ അമിതമായ അളവിൽ കഴിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്.
പഴങ്ങളും പച്ചക്കറികളും ധാരാളം:
ആരോഗ്യ വിദഗ്ദരുടെ അഭിപ്രായപ്രകാരം, കുട്ടികൾക്ക് ദിവസം രണ്ടു പഴങ്ങളും കൂടെ ധാരാളം പച്ചക്കറികളും നൽകണം. വേവിക്കാത്ത പച്ചക്കറികൾ സാലഡ് രൂപത്തിലും അല്ലാത്തവ ഭക്ഷണത്തോടൊപ്പം വേവിച്ചും നൽകുന്നതിനായി ശ്രദ്ധിക്കണം. ബേക്കറി, ജങ്ക് ഫുഡ് ഇനങ്ങൾ വല്ലപ്പോഴും മാത്രം നൽകാൻ ശ്രദ്ധിക്കണം.
അമിതവണ്ണം രോഗങ്ങളിലേയ്ക്ക് :
ചെറിയ പ്രായത്തിൽ തന്നെ അമിത വണ്ണമുള്ള കുട്ടികൾ പ്രായം കൂടുന്നതോടെ വലിയ രോഗാവസ്ഥകൾ അനുഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരെ ജീവിതശൈലീ രോഗങ്ങൾ അതിവേഗത്തിൽ പിടികൂടുന്നതിനും സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ശരീരത്തിലെത്തുന്ന അധിക കലോറി കളയുന്നതിനായി കുട്ടികളെ ചെറു വ്യായാമങ്ങൾ ചെയ്യാനായി ശീലിപ്പിക്കണം.
കുട്ടികളിലെ മലബന്ധത്തിന് പരിഹാരം ഉണക്കമുന്തിരി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : best nutrition tips for children
Malayalam News from malayalam.samayam.com, TIL Network