നേരിട്ട് വിഷയത്തിലേക്ക് കടക്കാം.- മമ്മൂട്ടി എങ്ങനെ ഒരു കഥാപാത്രമാകുന്നു?. വേഷഭൂഷാദികളും മേക്കപ്പും വഴി കഥാപാത്രമാകാനുള്ള മമ്മൂട്ടിയുടെ മിടുക്ക് നമ്മുക്ക് അനുഭവമുണ്ട്. പൊന്തൻമാടയിലെ മാടയായും മൃഗയയിലെ വേട്ടക്കാരൻ വാറുണ്ണിയായും സൂര്യമാനസത്തിലെ പുട്ടുറുമീസായും മമ്മൂട്ടി നടത്തിയ പ്രകടനങ്ങൾ ഓർക്കുക. ഭാഷയും സംഭാഷണശൈലിയും പൂർണമായും ഉൾക്കൊണ്ട് കഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ പ്രതിഭയും ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. വിധേയൻ, വാത്സല്യം, പാലേരി മാണിക്യം, പുത്തൻ പണം, രാജമാണിക്യം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മമ്മൂട്ടിയുടെ മലയാളത്തിൻ്റെ ശക്തിയും സൗന്ദര്യവും വൈവിധ്യവും നമ്മൾ അനുഭവിച്ചിട്ടുണ്ട്. ഈ രണ്ട് വസ്തുതകൾക്കും അപ്പുറം കഥാപാത്രമായി മാറാനും ആ കഥാപാത്രത്തെ പ്രേക്ഷകൻ്റെ ഓർമയിൽ പ്രതിഷ്ഠിക്കാനും സഹായിക്കുന്ന മറ്റൊരു ഘടകമുണ്ടെങ്കിൽ, അത് അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളുടെ ആത്മഗതങ്ങളാണ്.
ഉള്ളു പൊള്ളിക്കും ഓർമകൾ
മലയാള സിനിമയിലെ എണ്ണം പറഞ്ഞ ആത്മഗങ്ങൾ നടത്തിയിട്ടുള്ള അഭിനേതാവാണ് മമ്മൂട്ടി. മറ്റ് കഥാപാത്രങ്ങളോടുള്ള ഡയലോഗുകൾ ആണെങ്കിലും വിശാലമായ അർത്ഥത്തിൽ ആത്മഗതങ്ങൾ തന്നെ. ഉള്ളം പൊള്ളിക്കുന്ന ഓർമ്മകളാണ് ഈ ആത്മഗതങ്ങളുടെ കാതൽ. കഥാപാത്രത്തിൻ്റെ മനസ്സിൻ്റെ അടരുകൾ ഈ ആത്മഗതങ്ങളിലൂടെ നമ്മുക്ക് അനുഭവപ്പെടും. തിയ്യറ്ററുകളിൽ അധികം ഓടാത്ത ‘വജ്രം ‘ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച തച്ചറായിൽ ദേവരാജൻ പറയുന്നത് നോക്കുക – മലമ്പനി വന്നപ്പോ പന്ത്രണ്ടരയുടെ ക്വയിനാ ഗുളിക വാങ്ങാൻ ഗതിയില്ലാതെ ചത്ത അപ്പൻ്റെ മോനാ ഞാൻ. 17 രൂപ പലചരക്കുകടയിൽ കടം. കടയിൽ നിന്ന് ഇനി പറ്റ് തരികേല. പെരുമഴ.. എൻ്റെ ഇളയതുങ്ങൾ പെൺകുഞ്ഞുങ്ങളാ- ഇരട്ടകൾ. പിന്നെ അമ്മയും.. നാല് വയറങ്ങനെ വിശന്ന് പൊരിയുവാ.. നമ്മുക്ക് ചത്തേക്കാമെടാ മോനേ എന്ന് അമ്മച്ചി പറഞ്ഞപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല. കിണറ്റു കയറിന് പരസ്പരം കെട്ടിയാ ആറ്റിൽ ചാടിയത്. ഒഴുക്കിൽ പാറയിൽ ചെന്നിടിച്ച് കെട്ട് പൊട്ടി.
കൊച്ചമ്മിണിയും കുഞ്ഞു ലക്ഷ്മിയും പെരിയാറ്റിലെ കയത്തിലങ്ങനെ താണു താണു പോയപ്പോ രക്ഷിക്കാൻ ഈ ആങ്ങളയ്ക്ക് ആവതുണ്ടായില്ല ‘- എന്നൊക്കെയാണ് ആ ഡയലോഗ്. ‘ബ്ലാക്ക് ‘ എന്ന സിനിമയിൽ കാരിക്കാമുറി ഷൺമുഖനും ഇതുപോലെ ഓർമിക്കുന്നുണ്ട്. ” പഴയ കരിവണ്ടിയുടെ മണമുള്ള ഓർമ്മയാണ്. അങ്ങാടിയിൽ തെണ്ടി പെറുക്കി നടന്ന ചെക്കനെ പൊലീസ് പിടിച്ച് ലാത്തിക്കടിച്ചു. മുട്ട് പൊട്ടി ചോരയും ചലവും ഒലിപ്പിച്ച് തെരുവിൽ കിടന്ന ചെക്കനെ ഒരു തമിഴൻ വയസൻ വാരിയെടുത്തു. ഷൺമുഖനെന്ന് പേരിട്ടത് അങ്ങേരാന്ന് ” – എന്നിങ്ങനെ പോകും ആ ഓർമ. ‘ഒരു വടക്കൻ വീരഗാഥ’ വീണ്ടും കാണുമ്പോൾചന്തു തൻ്റെ ഓർമകൾ ആഖ്യാനം ചെയ്യുമ്പോൾ മമ്മൂട്ടി നടത്തുന്ന വലിയ ഇടപെടലുകലാണ് ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്. ” പുത്തൂരം വീട്ടിലേക്ക്… കേളി കേട്ട പുത്തൂരം വീട്ടിലേക്കാണ് യാത്ര. പുത്തൂരം വീട്ടിലെ കുട്ടിക്കാലം ഓർത്ത് അമ്മ കരയാറുണ്ട് ” – എന്ന് തുടങ്ങും കൊച്ചു ചന്തുവിൻ്റെ ഓർമകളുടെ ഗാഥ. ‘അമരത്തിലെ ‘ അച്ചൂട്ടി മകളോട് പറയും- ” പെറ്റ് കണ്ണ് തുറക്കും നിന്നെ എൻ്റെ കൈയ്യിൽ തന്ന് പോയതാണ് അമ്മ. മകൾക്ക് അറിയാവോ, ചോര പോയാണ് അമ്മ മരിച്ചത്. മുണ്ടും പായയും ഒക്കെ ചോര “.
കഥാപാത്രത്തിൻ്റെ ഓർമകൾ പറഞ്ഞു ഫലിപ്പിക്കുന്ന കാര്യത്തിൽ മമ്മൂട്ടി വിസ്മയിപ്പിക്കുന്നത് ഇങ്ങനെയാണ്. ബഷീറിൻ്റെയും എം ടിയുടെയും കഥകളിലെ നായകൻമാരായി സ്വയം സങ്കൽപ്പിച്ചാണ് അഭിനേതാവായി പരിശീലനം നേടിയതെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. പ്രിയ എഴുത്തുകാരുടെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ആത്മാവിൽ ഉൾകൊണ്ട ആ ബാല്യകാലമാണ് ഇന്നത്തെ മമ്മൂട്ടിയെ യാഥാർഥ്യമാക്കിയതെന്ന് സാരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..