ഓവലില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ കൂറ്റന്‍ വിജയം വീണ്ടും മൂന്താരങ്ങള്ക്കിടയില് തര്‍ക്കത്തിന് വഴിയൊരുക്കിയിരിക്കുകയാണ്
ലണ്ടണ്‍: ഓവലില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ കൂറ്റന്‍ വിജയം വീണ്ടും മൂന്താരങ്ങള്ക്കിടയില് തര്‍ക്കത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ഇത്തവണ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയിന്‍ വോണും ഇന്ത്യയാണ് ഏറ്റവും മികച്ച ടീമെന്ന വാദവുമായി എത്തി. എന്നാല്‍ മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍ ഇരുവരുടേയും അഭിപ്രായങ്ങള്‍ക്ക് ചെറിയ തിരുത്തും നടത്തി.
“ഇന്ത്യന്‍ ടീമിന്റെ മികവ് എടുത്തു പറയേണ്ട ഒന്നാണ്. എന്നാൽ ഏറ്റവും വലിയ വ്യത്യാസം സമ്മര്‍ദത്തെ അതിജീവിക്കാനുള്ള ടീമിന്റെ ശക്തിയാണ്. ഇന്ത്യൻ ക്രിക്കറ്റ് ബാക്കിയുള്ള ടീമുകളേക്കാള്‍ വളരെയധികം മുന്നിലാണ്,” ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.
സമൂഹ മാധ്യമങ്ങളില്‍ സജീവമായിട്ടുള്ള മൈക്കല്‍ വോണ്‍ ഗാംഗുലിയുടെ പ്രസ്താവനയ്ക്ക് തിരുത്തുമായി എത്തി. വോണ്‍ പലപ്പോഴും ഇന്ത്യന്‍ ആരാധകരുമായും കൊമ്പുകോര്‍ക്കാറുണ്ട്. “ഇന്ത്യന്‍ ടീം ടെസ്റ്റില്‍ മാത്രമാണ് മികച്ചത്, വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അല്ല,” വോണ്‍ ഗാംഗുലിക്ക് മറുപടി നല്കി.
ഇന്ത്യയുടെ വിജയത്തെ പുകഴ്ത്താനും മുന്‍ ഇംഗ്ലണ്ട് താരം മറന്നില്ല. “സമ്മര്‍ദമുണ്ടാകുമ്പോള്‍ നമ്മളേക്കാള്‍ മികച്ച് നിന്ന ടീമിനെ ചില സമയങ്ങളില്‍ അംഗീകരിക്കേണ്ടി വരും. ശരിക്കും പ്രാധാന്യമുള്ള സാഹചര്യങ്ങളില്‍ എപ്പോഴും ഇന്ത്യ തന്നെയാണ് മുന്നില്‍,” വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന കളി 10-ാം തിയതി മാഞ്ചസ്റ്ററിലാണ്. സമനിലയോ ജയമോ ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കും. എന്നാല്‍ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്.