കോഴിക്കോട്: നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് (എന്‍.ഐ.വി) അയച്ച അഞ്ച് സാംപിളുകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ച 15 സാംപിളുകളുമാണ് നെഗറ്റീവായത്. ഇതിനോടകം 30 പേരുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ 30 ഉം നെഗറ്റീവാണ്. ഇനി 21 പേരുടെ സാംപിളുകളുടെ ഫലം വരാനുണ്ട്. ചൊവ്വാഴ്ച രാത്രി വൈകിയും അതിനുശേഷവും പരിശോധിച്ച സാംപിളുകളുടെ ഫലം ബുധനാഴ്ച വരുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 68 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. ചൊവ്വാഴ്ച രാത്രി വൈകി 10 പേരെ കൂടി പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള എല്ലാവരുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ചെറിയ പനി, തലവേദന എന്നിവയടക്കമുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ ആരോഗ്യസ്ഥിതിയെപ്പറ്റി നിലവില്‍ ആശങ്കപ്പെടേണ്ടതില്ല.
വീണ്ടും നിപ: ജാഗ്രത കൈവിടരുത് | Complete Coverge
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഇതിനൊടകം തന്നെ സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. പ്രാഥമിക നിരീക്ഷണങ്ങള്‍ അവര്‍ അവലോകന യോഗത്തില്‍ പങ്കുവെച്ചിരുന്നു. രണ്ടാം ദിവസം വിശദമായ പരിശോധന നടത്തും. പ്രദേശത്തുനിന്ന് സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം എന്‍.ഐ.വിയുടെ പ്രത്യേക ടീമിനോട് പരിശോധന നടത്താന്‍ അഭ്യര്‍ഥിച്ചിരുന്നു. അവർ രണ്ട് ദിവസത്തിനകം എത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും.
ഇവിടെ നിന്ന് സാംപിളുകള്‍ ശേഖരിച്ച് എന്‍.ഐ.വിയുടെ ഭോപ്പാല്‍ ലാബിലേക്കാണ് അയക്കുന്നത്. അതുകൊണ്ട് അവരുടെ സംഘംതന്നെ എത്തി വിവരശേഖരണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ എത്തി സമഗ്രമായ പരിശോധന നടത്തും. നിപയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് അവസാന കേസ് റിപ്പോര്‍ട്ട് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രമേ പൂര്‍ണമായും ഈ കേസില്‍ നിന്ന് മറ്റ് കേസുകളില്ല, നിപ മുക്തമായി എന്ന് പറയാന്‍ കഴിയുകയുള്ളൂ. നിയന്ത്രണങ്ങള്‍ ഏത് രീതിയിലാണ് എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു.
Content Highlights: Nipah virus: 20 sample results are negative