കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാനായി ഇന്ത്യയിലെ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകള്‍ കഴിഞ്ഞ 17 മാസമായി പൂട്ടിയിട്ടിരിക്കുകയാണ്.
പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഓഗസ്റ്റ് മാസത്തിലാണ് സര്‍വ്വേ നടത്തിയത്. ഇന്ത്യയിലൂടമായി 1400 വിദ്യാര്‍ത്ഥികളെയാണ് സര്‍വ്വേ ചെയ്തത്.
സാധാരണ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളിലും, താരതമ്യേന പിന്നാക്കാവസ്ഥയിലുള്ള ഗ്രാമങ്ങളിലും ചേരികളിലും ഉള്ള വീടുകളിലെ കുട്ടികളെ തെരഞ്ഞെടുക്കാനാണ് ഗവേഷകര്‍ കൂടുതലും ശ്രദ്ധ കൊടുത്തിരിക്കുന്നത്.
15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഏകദേശം 100 സന്നദ്ധ പ്രവര്‍ത്തകരാണ് പഠനം നടത്തിയത്.
‘സര്‍വ്വേ പ്രകാരം, ഗ്രാമങ്ങളിലെ അവസ്ഥ തീര്‍ത്തും നിരാശാജനകമാണ്.’ എന്നും കണ്ടെത്തി.
എഴുത്തിന്റേയും വായനയുടേയും ലോകത്ത് നിന്ന് കുട്ടികള്‍ പടിയിറങ്ങിയെന്നാണ് സര്‍വ്വേയിലൂടെ കാണിച്ച് തരുന്നത്. കാരണം സാമ്പിളിലെ പകുതിയോളം കുട്ടികള്‍ക്കും ഏതാനും വാക്കുകളല്ലാതെ കൂടുതല്‍ വായിക്കാന്‍ കഴിയുന്നില്ലെന്ന് കണ്ടെത്തി.
കുറച്ച് കുട്ടികള്‍ ഓണ്‍ലൈനില്‍ പഠനം നടത്തുന്നു. നഗരങ്ങളില്‍ 24 ശതമാനം കുട്ടികളുണ്ടെങ്കില്‍ ഗ്രാമങ്ങളിലേക്ക് വരുമ്പോള്‍ അത് വെറും 8 ശതമാനമായി ചുരുങ്ങുന്ന വിഷമകരമായ കാഴ്ചയാണ് കാണേണ്ടി വരുന്നത്.
ഈ പറയുന്ന മിക്ക കുട്ടികളുടേയും വീടുകളില്‍ സ്മാര്‍ട് ഫോണ്‍ ലഭ്യമല്ല എന്നത് വലിയൊരു കാരണം തന്നെയാണ്.
കഴിഞ്ഞ വര്‍ഷം മകള്‍ക്ക് പഠിക്കാന്‍ സ്മാര്‍ട് ഫോണ്‍ വാങ്ങിക്കാന്‍ പണമില്ലാത്തതിനാല്‍ ആകെയുള്ള കന്നുകാലികളെ വില്‍ക്കേണ്ടി വന്ന കര്‍ഷകനും ഇന്ത്യയിലാണുള്ളത്.
ഗ്രാമങ്ങളില്‍ പകുതിയോളം വീടുകളില്‍ മാത്രമാണ് സ്മാര്‍ട് ഫോണ്‍ ലഭ്യമായിട്ടുള്ളത് എന്നത് കുട്ടികളുടെ പഠനത്തിന് ഭംഗം വരുത്തുന്നു.
ഇന്ത്യന്‍ ഭരണഘടന പ്രകാരം 14 വയസു വരെയുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്താന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കാണ് സാഹചര്യങ്ങള്‍ പോകുന്നത്.
ഇനി സ്മാര്‍ട് ഫോണ്‍ ഉള്ളവരുടെ കാര്യം എടുത്താല്‍ നഗരങ്ങളില്‍ മൂന്നിലൊന്ന് പേര് മാത്രമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ആശ്രയിക്കുന്നത്. ഗ്രാമങ്ങളിലത് 15 ശതമാനവും.
സര്‍വ്വേയില്‍ പങ്കെടുത്ത 9 ശതമാനം പേര്‍ക്ക് മാത്രമാണ് സ്വന്തമായി ഫോണുകളുള്ളത്.
അതിനേക്കാള്‍ വലിയൊരു തടസം എന്നു പറയുന്നത് ഗ്രാമങ്ങളിലെ സ്കൂളുകള്‍ ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ കുട്ടികള്‍ക്ക് അയച്ചു കൊടുക്കുന്നില്ല എന്നതാണ്. അല്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് അതിനെ കുറിച്ച് വലിയ ധാരണകളില്ലാത്തതും ഒരു കാരണമാണ്.
ലോക്ക് ഡൗണ്‍ സമയത്ത് തങ്ങളുടെ കുട്ടികള്‍ എഴുതുന്നതും വായിക്കുന്നതും കുറഞ്ഞതായി അനുഭവപ്പെട്ടിട്ടുണ്ടെന്ന് രക്ഷിതാക്കളും പറയുന്നുവെന്ന് ബിബിസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സര്‍വ്വേയില്‍ പങ്കെടുത്ത 90 ശതമാനത്തിലധികവും വരുന്ന പാവപ്പെട്ട മാതാപിതാക്കള്‍ കുട്ടികളുടെ സ്കൂളുകള്‍ വളരെ പെട്ടെന്ന് തന്നെ തുറക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
ലോകത്ത് പ്രാഥമിക വിദ്യാലയങ്ങള്‍ തുറക്കാത്ത ചില ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
മറ്റ് വിദേശ രാജ്യങ്ങളെല്ലാം തന്നെ കുട്ടികളെ തങ്ങളുടെ സ്കൂളുകളിലേക്ക് വിജയപൂര്‍വ്വം ആനയിക്കുമ്പോള്‍ ഇന്ത്യ കുട്ടികളോട് സ്കൂളുകളിലേക്ക് വരരുതെന്ന് ഇപ്പോഴും പറയുന്നു.
‘സ്കൂളുകള്‍ വീണ്ടും തുറക്കുന്ന കാര്യം ഇപ്പോള്‍ ഉചിതമായിരിക്കില്ല. പക്ഷേ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ബാച്ചുകളായി കുട്ടികളെ സ്കൂളുകളില്‍ വരാന്‍ ആവശ്യപ്പെടുന്നത് നല്ല തുടക്കം കുറിക്കും,’– സര്‍വ്വേയുടെ പ്രധാന എഴുത്തുകാരിലൊരാളായ സാമ്പത്തിക വിദഗ്ധ റീതിക ഖേര ബിബിസിയോട് പറഞ്ഞു.
****
(Compiled by ശ്രുതി സി.ആർ)