ബി.ജെ.പിയുടെ പ്രതീക്ഷ
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് 185 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. ഇത് കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍ വന്നാല്‍ വിജയിച്ചേക്കാമെന്ന പ്രതീക്ഷ സംസ്ഥാന നേതൃത്വത്തിന് നല്കുന്നു. ത്രിപുര മുന്‍ ഗവര്‍ണറും പാര്‍ടി സംസ്ഥാന അധ്യക്ഷനുമായിരുന്നു തദാഗത റോയ്, ബുദ്ധിജീവിയായ അനിര്‍ബന്‍ ഗാംഗുലി, മുന്‍ സ്ഥാനാര്‍ത്ഥി രുദ്രനില്‍ ഘോഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രതാപ് ബാനര്‍ജി എന്നിവരെയാണ് ദിലീപ് ഘോഷ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഭവാനിപൂരില്‍ മമതയെ നേരിടാന്‍ തയ്യാറാണെന്ന് രുദ്രനില്‍ ഘോഷ് ബി.ജെ.പി സംഘടനാ സെക്രട്ടറി ശിവപ്രകാശിനെ അറിയിച്ചിട്ടുമുണ്ട്.
സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് മമത നന്ദ്രീഗ്രാമില് മല്‍സരിച്ചപ്പോള്‍ തൃണമൂലിന് വേണ്ടി ഭവാനിപൂര്‍ നിലനിര്‍ത്തിയത് ശോബിന്ദേവ് ചാറ്റര്‍ജിയാണ്. രുദ്രനില്‍ ഘോഷിന് 35.16 ശതമാനം വോട്ട് ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയും രുദ്രനിലിന് വേണ്ടി പ്രചരണത്തിന് എത്തിയിരുന്നു. ഭവാനിപ്പൂര്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്ന തദാഗത റോയിയെ മല്‍സരിപ്പിക്കണമെന്ന് ബി.ജെ.പിയിലെ മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു.
ബി.ജെ.പി നേരിടുന്ന വെല്ലുവിളികള്‍
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഭവാനിപ്പൂരിലെ മല്‍സരം കടുത്തതായിരിക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. 2011 മുതല്‍ മമത സ്ഥിരമായി വിജയിക്കുന്ന മണ്ഡലമാണിത്. നിലവില്‍ 213 എം.എല്‍.എമാര്‍ തൃണമൂലിനുണ്ട്. നാലു ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ടി വിട്ടു തൃണമൂലില്‍ ചേര്‍ന്നു കഴിഞ്ഞു.
ബി.ജെ.പിയുടെ 24 എം.എല്‍.എമാര്‍ ബന്ധപ്പെടുന്നുണ്ടെന്നാണ് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മുകുള്‍ റോയ് കഴിഞ്ഞ ദിവസം പറഞ്ഞത്. തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് എം.എല്‍.എ ആയ നേതാവ് ആണ് മുകുള്‍ റോയ്. തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലിലേക്ക് തിരിച്ചെത്തി. ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിക്ക് അനുകൂലമായ നിലപാടാണ് പൊതുവില്‍ ജനങ്ങള്‍ സ്വീകരിക്കുകയെന്നതും ബി.ജെ.പിക്കു വെല്ലുവിളിയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം ബി.ജെ.പിയില്‍ സംഘടനാ പ്രശ്നങ്ങളുമുണ്ട്. സംസ്ഥാന നേതൃത്വവുമായി സഹകരിക്കാനാവില്ലെന്ന് അസനോള്‍ എം.പി ബാബുല്‍ സുപ്രിയോ ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. സുവേന്ദു അധികാരിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധമറിയിച്ച് ബിഷ്ണുപൂര്‍ എം.പി സൗമിത്ര ഖാന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സ്ഥാനവും രാജിവെച്ചിരുന്നു.
കോണ്‍ഗ്രസ് നിലപാട്
ഭവാനിപ്പൂരില്‍ മമതാബാനര്‍ജിക്കെതിരെ മല്‍സരിക്കണമോ എന്ന കാര്യത്തില്‍ എ.ഐ.സി.സിയായിരിക്കും അന്തിമതീരുമാനമെടുക്കുകയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് ആധിര്‍ രഞജ്ഞന് ചൗധുരി പറഞ്ഞു. മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശബാദ് ഖാന് 5211 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സെപ്റ്റംബര്‍ 30നാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണുക. ഇവിടെ വിജയിച്ചാല്‍ മാത്രമേ മമതക്കു മുഖ്യമന്ത്രിയായി തുടരാനാവൂ.
****
(Compiled by അനീബ് പി.എ)