കാസര്‍കോട്: ഫാക്കല്‍ട്ടി അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവുമായി കേരള കേന്ദ്ര സര്‍വകലാശാല. പ്രകോപനപരമോ ദേശവിരുദ്ധമോ ആയ പരാമര്‍ശങ്ങള്‍ നടത്തരുതെന്നാണ് നിര്‍ദേശം. കഴിഞ്ഞ ഏപ്രിലില്‍ ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ ഒരു അധ്യാപകന് കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തെയും ആര്‍എസ്എസിനെയും വിമര്‍ശിച്ച സംഭവത്തെ തുടര്‍ന്നാണ് സര്‍വകലാശാല ഉന്നതാധികാര സമിതി പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്.
ആദ്യ സെമസ്റ്റര്‍ എം.എ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിനിടെ ഏപ്രില്‍ 19ന് ആണ് അസിസ്റ്റന്റ് പ്രൊഫസറായ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ കേന്ദ്രത്തെ വിമർശിച്ചത്. ആര്‍എസ്എസിനെ ഫാസിസ്റ്റ് സംഘടന എന്ന് വിശേഷിപ്പിക്കുകയും കേന്ദ്രത്തിന്റെ വാക്സിന് നയത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് സർവകലാശാല ഇപ്പോള്‍ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്.
കേന്ദ്ര സര്‍വകലാശാലയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗമാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ദേശവിരുദ്ധവും പ്രകോപനപരവുമായ പ്രസ്താവനകളോ പ്രഭാഷണങ്ങളോ അധ്യാപകരുടെയോ ഫാക്കല്‍ട്ടി അംഗങ്ങളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് നിർദേശത്തില്‍ പറയുന്നു.
നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടിയെടുക്കുമെന്നും കേന്ദ്ര സര്‍വകലാശാല വ്യക്തമാക്കുന്നു. സര്‍വകലാശാല വൈസ് ചാന്‍സിലറുടെ അനുമതിയോടുകൂടിയാണ് പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്.
Content Highlights: Central University Code of Conduct prohibits anti-national statements