അഞ്ച് പേസർമാരെ ഗാവസ്കർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
2021 ടി20 ലോകകപ്പ് പടിവാതിക്കൽ നിൽക്കെ ഇന്ത്യൻ ടീമിൽ ആരെല്ലാം ഇടം നേടും എന്ന ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. യുഎഎയിൽ നടക്കുന്ന ലോകകപ്പിൽ ട്രോഫി മാത്രം ലക്ഷ്യംവെച്ചു ടീമുകൾ ഇറങ്ങുമ്പോൾ ശക്തമായ നിരയുമായാകും ഇന്ത്യയും ഇറങ്ങുക.
ലോകകപ്പ് ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കെ തന്റെ 15 അംഗ ടീമിനെ തിരഞ്ഞെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരമായ സുനിൽ ഗാവസ്കർ.
ഇന്ത്യയുടെ ഇടം കയ്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖർ ധവാൻ ഇല്ലാതെയാണ് സുനിൽ ഗാവസ്കറിന്റെ ടീം. രോഹിത് ശർമയും ക്യാപ്റ്റൻ വിരാട് കോഹ്ലിയും ചേർന്നാണ് ബാറ്റിങ് ഓപ്പൺ ചെയ്യുക. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൽ കളിക്കുന്ന മൂന്ന് താരങ്ങളും ഗാവസ്കറിന്റെ ടീമിലുണ്ട്. അതിൽ സൂര്യകുമാർ യാദവ് മൂന്നാമനായി എത്തും. മധ്യനിരയിൽ ഹാർദിക് പാണ്ഡ്യയും കൃണാൽ പാണ്ഡ്യയും ഇറങ്ങും.
വലംകൈയ്യൻ ശ്രേയസ് അയ്യരെയും സുനിൽ ഗാവസ്കറിന്റെ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറുമാണ് ഓൾറൗണ്ടർമാരായി ടീമിൽ ഉള്ളത്.
ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ശാർദുൽ താക്കൂർ, ദീപക് ചഹാർ, മുഹമ്മദ് ഷമി എന്നി അഞ്ച് പേസർമാരെ ഗാവസ്കർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുസ്വേന്ദ്ര ചാഹൽ മാത്രമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നറായുള്ളത്.
Also read: ഓവലിലെ സെഞ്ചുറിയുടെ തിളക്കം മായുന്നില്ല; രോഹിതിനെ പുകഴ്ത്തി നെഹ്റയും
ക്രുനാലിനെ ടീമിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് സംസാരിച്ചപ്പോൾ, “അദ്ദേഹം ഒരു ഓൾറൗണ്ടറാണ്, വളരെ പരിചയസമ്പന്നനായ കളിക്കാരനാണ്, കഴിഞ്ഞ നിരവധി വർഷങ്ങളായി ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്, അതിനാൽ അയാൾ തീർച്ചയായും ഒരു സ്ഥാനം അർഹിക്കുന്നു. അവൻ ഇടംകൈയ്യനാണ്, അത് ഒരു നേട്ടമാണ്.” എന്നാണ് ഗാവസ്കകർ സ്പോർട്സ് ടാക്കിനോട് പറഞ്ഞത്.
ഒക്ടോബർ 24ന് ദുബായിൽ വെച്ച് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് മത്സരം.
2021 ടി20 ലോകകപ്പിനുള്ള സുനിൽ ഗാവസ്കറിന്റെ ഇന്ത്യൻ ടീം: രോഹിത് ശർമ്മ, വിരാട് കോഹ്ലി (ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ (ഫിറ്റ്നസ് അനുസരിച്ച്), ജസ്പ്രീത് ബുംറ , മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, ശാർദുൽ താക്കൂർ, യുസ്വേന്ദ്ര ചാഹൽ.