കൊച്ചി: മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയില്‍ കെ.ടി.ജലീല്‍ എംഎല്‍എ നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. തെളിവുകള്‍ കൈമാറാനായി നാളെ വൈകീട്ട് നാല് മണിയോടെ കൂടിയാകും ഇ.ഡിക്ക് മുമ്പാകെ ജലീല്‍ എത്തുക.
ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഈ മാസം രണ്ടിന് കെ.ടി.ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി കൊടുത്തിരുന്നു. ഇ.ഡി.കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ജലീല്‍ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നാളെ തെളിവുകള്‍ നല്‍കാനായി ജലീല്‍ ഇ.ഡിക്ക് മുന്നിലെത്തുന്നത്.
ചന്ദ്രിക അക്കൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന പരാതിയിലാണ് ജലീല്‍ തെളിവുകള്‍ നല്‍കുക. ഇതിനിടെ എ.ആര്.നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ജലീല്‍ ഇ.ഡിയെ സമീപിച്ചതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളി പറഞ്ഞിരുന്നു. വിഷയത്തില്‍ സഹകരണ വകുപ്പും സിപിഎമ്മും ജലീലിനെ കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്തു.