കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് പന്ത്രണ്ട് വയസ്സുകാരന് മരിച്ച സംഭവത്തില്‍ താല്‍ക്കാലിക ആശ്വാസമായെങ്കിലും നിപയുടെ മൂന്നാം വരവോടെ ഒരിക്കല്‍ കൂടെ നമ്മള് ആ വല്ലാത്ത ദിനങ്ങളെ ഓര്‍ക്കുകയാണ്. വവ്വാലില്‍ നിന്നാണ് നിപ ബാധയുണ്ടാവുന്നതെന്ന നിഗമനത്തിലേക്കാണ് കഴിഞ്ഞ തവണത്തേ പോലെ ഇത്തവണയും ആരോഗ്യവിദഗ്ധരും സര്‍ക്കാരും എത്തുന്നത്. പക്ഷെ ഇതെങ്ങനെ മനുഷ്യരിലേക്കെത്തുന്നുവെന്നത് ഇതുവരെ നമുക്ക് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിപ മുന്‍ കേന്ദ്രസംഘാംഗവും നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് മുന്‍ ഉപദേഷ്ടാവും കൂടിയായ ഡോ.ഷൗക്കത്തലി മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു.
1-ആദ്യം നിപ കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ഐസൊലേഷന്‍, ക്വാന്റെയിന് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നിവയൊക്കെ നമുക്ക് പുതിയ കാര്യമായിരുന്നു എന്നാല്‍ ഇന്ന് ഇതൊക്കെ പരിചിതമാണ്. ഇത് പ്രതിരോധ പ്രവര്‍ത്തനത്തെ എളുപ്പമാക്കിയിട്ടുണ്ടോ?
കഴിഞ്ഞ തവണ സംസ്ഥാനത്തെ ജനങ്ങള്‍ക്കും സംസ്ഥാന ആരോഗ്യവകുപ്പിനുമായിരുന്നു നിപയെന്നത് പുതിയകാര്യം. ഞങ്ങളെ സംബന്ധിച്ച് അതൊരു പുതിയ കാര്യമേ ആയിരുന്നില്ല. പുതിയ ഒരു രോഗമായതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന് മുന്‍ അനുഭവങ്ങളോ അറിവോ ഉണ്ടായിരുന്നില്ല എന്നതാണ്. പക്ഷെ അന്ന് ജനങ്ങള്‍ പരിഭ്രാന്തരായിരുന്നു. ആ പേടി ഒരു തരത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് ഗുണം ചെയ്തിട്ടുമുണ്ട്. കേരളത്തിലെ ജനങ്ങളുടെ ഒരു പ്രത്യേകത എന്നുവെച്ചാല്‍ പേടിക്കേണ്ട എന്ന് പറഞ്ഞാല്‍ ആവര് ഒട്ടു പേടിക്കില്ല. പക്ഷെ പേടിക്കേണ്ട അളവില്‍ പേടിക്കുക തന്നെ വേണമെന്നതാണ് ഞാന്‍ പറയുന്നത്. ഓരോ സമൂഹത്തിന്റെയും സ്വഭാവം മനസ്സിലാക്കിയാവണം നമ്മള് സാമൂഹിക നിയന്ത്രണങ്ങളും മറ്റും കൊണ്ടു വരേണ്ടത്. എന്നാല്‍ മാത്രമേ അത് ഫലവാത്താവൂ. അതൊരു നയത്തിന്റെ കൂടെ ഭാഗമാണ്. അന്ന് ജനങ്ങള്‍ സ്വയമേ പരിഭ്രാന്ത്രരായിരുന്നുവെന്നത് കൊണ്ട് തന്നെ സ്വയം ഐസൊലേഷനിലേക്ക് പോവുന്നത് വരെ നമ്മള് കണ്ടു. അത് ഗുണം ചെയ്യുകയും ചെയ്തു. പക്ഷെ ഇന്നതെല്ലാം ജനങ്ങള്‍ക്ക് പരിചിതമാണ്. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുമെന്നതില്‍ സംശയമൊന്നുമില്ല. കഴിഞ്ഞ തവണത്തെ ഒരു പ്രശ്നം എന്നുവെച്ചാല്‍ രോഗം കണ്ട് പിടിക്കാന്‍ തന്നെ പതിനാല് ദിവസമെടുത്തുവെന്നതാണ്. ഒരു പക്ഷെ ആദ്യം മരിച്ചയാളുടെ സ്രവമോ സാമ്പിളോ ഉണ്ടായിരുന്നെങ്കില്‍ അത് പരിശോധിച്ച് രോഗം കണ്ട് പിടിക്കാമായിരുന്നു. സാമ്പിള്‍ എടുത്ത് വെച്ചിരുന്നുവെങ്കില്‍ മരിച്ച ശേഷവും രോഗം കണ്ട് പിടിക്കാമായിരുന്നു.
2-പതിനാല് ദിവസമാണ് നിപയുടെ ഇന്‍കുബേഷന്‍ പിരീഡ് എന്ന് പറയുന്നത്. നിലവില്‍ മരിച്ച കുട്ടിയൊഴികെ മറ്റെല്ലാവരുടേയും ഫലം നെഗറ്റീവ് ആണെന്നാണ് ഇതുവരെയുള്ള റിസല്‍ട്ടുകള്‍ പറയുന്നത്. കോഴിക്കോടിന് ആശ്വസിക്കാനുള്ള വക ആയോ?
ഏഴ് മുതല്‍ പതിനാല് ദിവസമാണ് ഇന്‍കുബേഷന്‍ പിരീഡ് എന്നാണ് പൊതുവെയുള്ള കണക്ക്. കുട്ടി ആഗസ്ത് 29 ന് ആണ് ആദ്യമായി ആശുപത്രിയില്‍ എത്തുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഇപ്പോള്‍ മറ്റ് ഫലങ്ങള്‍ നെഗറ്റീവ് എന്നാണ് വരുന്നതെങ്കിലും ഒരു രണ്ടാഴ്ച കൂടി നല്ല ജാഗ്രതയുണ്ടാവുക തന്നെ വേണം. ഒരു തരത്തിലുമുള്ള ഇളവും ഈ ഭാഗങ്ങളില്‍ നല്‍കാത്ത രീതിയിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. കാരണം ഏഴ് മുതല്‍ പതിനാല് എന്ന് പറയുന്നത് ചിലര്‍ക്ക് നീണ്ട് പോവാം. നൂറ് പേരുടെ ഗ്രാഫ് നമ്മള് എടുക്കുമ്പോള്‍ ഏകദേശം 85 ആളുകള്‍ക്ക് ഒരു പക്ഷെ ഏഴ് മുതല്‍ പതിനാല് ദിവസമായിരിക്കും. ബാക്കിയുള്ളവരുടെ അങ്ങോട്ടുമിങ്ങോട്ടും മാറാം. പിന്നെ കോവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ നിപയ്ക്ക് പടര്‍ന്ന് പിടിക്കാനുള്ള ശേഷി കുറവായതിനാല്‍ കൃത്യമായ നിയന്ത്രണവും ശ്രദ്ധയും ഉണ്ടെങ്കില്‍ തടയനാവുന്നത് തന്നെയാണ്.
3-എന്തുകൊണ്ടാണ് പകര്‍ച്ച വ്യാധികളുടെ ഒരു കേന്ദ്രമായി കോഴിക്കോട് മാറുന്നത് എന്നത് സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ടോ?
കോഴിക്കോട് മാത്രം എന്ന് പറയുന്നതില്‍ ശരിയുണ്ടെന്ന് തോന്നുന്നില്ല. എറണാകുളത്തും വന്നിരുന്നല്ലോ? അപ്പോള്‍ എവിടേയും വരാമെന്നത് തള്ളിക്കളയാനാവില്ല. കേരളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതുകൊണ്ട് കേരളത്തെ ഒരു ക്ലസ്റ്ററായി നമുക്ക് പരിഗണിക്കണം. വടക്കേ ഇന്ത്യയിലൊക്കെയുള്ള പ്രത്യേകതയെന്താണെന്ന് വെച്ചാല്‍ അവിടെ ഒരു ഗ്രാമം എന്നൊക്കെ വെച്ചാല്‍ അതൊരു ക്ലസ്റ്റര്‍ തന്നെയാണ്. കൃത്യമായി നിയന്ത്രണം കൊണ്ടുവരാന്‍ കഴിയും. പക്ഷെ കേരളത്തിന് അത് സാധിക്കില്ല. മാത്രമല്ല എല്ലാ സ്ഥലത്തും ചെറുതായെങ്കിലും കാടുകളുണ്ട്. അവിടെയൊക്കെ വവ്വാലുകളുമുണ്ട്. ഇത് രോഗം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കാരണവുമാവും.
4-വവ്വാലുകളുടെ സാന്നിധ്യം തന്നെയാണ് രോഗ വ്യപനത്തിന് കാരണമായി പറയുന്നത്. പക്ഷെ ഇതെങ്ങനെ മനുഷ്യരിലേക്കെത്തി എന്ന് കണ്ടെത്താനാവാത്തത് വീഴ്ചയാണോ?
വീഴ്ച തന്നെയാണ്. തുടര്‍ച്ചയായ ഒരു നീരീക്ഷണവും പഠനവും തുടരുക തന്നെ വേണമായിരുന്നു. മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും വനം വകുപ്പും ഒരു തുടര്‍ച്ചയായ സംവിധാനം ഉണ്ടാക്കുകയായിരുന്നു വേണ്ടത്. പ്രത്യേക ഗ്രൂപ്പുണ്ടാക്കി എവിടെയാണ് ഈ വൈറസിന്റെ സാന്നിധ്യം കൂടുതലുള്ളതെന്ന് കണ്ടത്തേണ്ടിയിരുന്നു.
5-മൃഗങ്ങളില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടോ?
ഉണ്ടെന്ന് തന്നെയാണ് യാഥാര്‍ഥ്യം. വവ്വാലില്‍ നിന്നുമാണ് മൃഗങ്ങളിലേക്ക് രോഗാണുവെത്തുന്നത്. വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ മൃഗങ്ങള്‍ കഴിക്കുന്നതും അതുവഴി മനുഷ്യരിലേക്ക് എത്തുന്നുവെന്നുമാണ് നിഗമനം. 2018-ല്‍ നമ്മള് നിപയെ പൂര്‍ണമായും അകറ്റിയിരുന്നുവെന്നതില് സംശയമൊന്നുമില്ല. പക്ഷെ അത് വീണ്ടും വീണ്ടും വരില്ലെന്ന് നമുക്ക് ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെ കൃത്യമായ ഒരു നിരീക്ഷണമായിരുന്നു ആദ്യം മുതല്‍ വേണ്ടിയിരുന്നത്. രോഗത്തെ അന്ന് അകറ്റിയപ്പോഴും ജനങ്ങളും അതോറിറ്റിയും ഇപ്പോഴും നിപ സാന്നിധ്യം ഇവിടെത്തന്നെയുണ്ടെന്ന് വിചാരിക്കണമായിരുന്നു. അത് മനസ്സിലാക്കികൊണ്ടുള്ള ഒരു സ്ഥിരം പ്രതിരോധ സംവിധാനത്തിനും തുടക്കം കുറിക്കണമായിരുന്നു. മൂന്നാംവരവ് ആശ്വാസമായെന്നാണ് എല്ലാവരും കരുതുന്നതെങ്കിലും രോഗം ഇനിയും വരാം. രോഗാണു ഉള്ളകാലത്തോളം രോഗം വരിക തന്നെ ചെയ്യും. രോഗാണു ഉണ്ടോ ഇല്ലയോ എന്ന് നേരത്തെ പറഞ്ഞപോലുള്ള സ്ഥിരം സംവിധാനത്തിലൂടെ കണ്ടെത്തുകയെന്നതാണ് വേണ്ടത്.
6-കഴിഞ്ഞ തവണ രോഗം വന്നപ്പോള്‍ പഴങ്ങള്‍ കഴിക്കുന്നത് സംബന്ധിച്ച് പോലും കൃത്യമായ നിര്‍ദേശം എല്ലാവര്ക്കും കൊടുത്തിരുന്നു. പക്ഷെ അന്ന് രോഗം മാറിയപ്പോള്‍ എല്ലാവരും എല്ലാം മറന്നു. ഇനിയും ബോധവത്കരണത്തിന്റെ ആവശ്യമില്ലേ?
എത്ര വിദ്യാഭ്യാസമുണ്ടായിട്ടും ജനങ്ങള്‍ സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശം കൃത്യമായി മനസ്സിലാക്കുന്നില്ല എന്നതാണ് യഥാര്‍ഥ്യം. നൂറ് ശതമാനം സാക്ഷരതയുള്ളവരാണ് കേരളത്തിലുള്ളത് എന്നാണ് പറയുന്നത്. പല പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഞങ്ങള്‍ കേരളത്തിലെ വീടുകളിലൊക്കെ കയറുമ്പോള്‍ ഒരു സഹകരണവും നല്കാന് പലപ്പോഴും നമ്മുടെ ആളുകള്‍ തയ്യാറാവുന്നില്ല. എല്ലാം സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ചെയ്ത് തരട്ടെ എന്ന ഒരു മനോഭാവമാണ് നമ്മുടെ നാട്ടുകാര്‍ക്ക്. വിദ്യാഭ്യാസം കൂടിപോയതാണ് നമ്മുടെ പ്രശ്നമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
7-വൈറോളജി ലാബ് എന്ന ആവശ്യം ദുരന്തമുണ്ടാകുമ്പോള്‍ മാത്രം ചര്‍ച്ചയാക്കുന്നത് ശരിയാണോ?
വൈറോളജി ലാബ് വരേണ്ടത് തന്നെയാണ്. വലിയ അടിസ്ഥാന സൗകര്യമുള്ള ആശുപത്രികളാണ് സര്‍ക്കാര്‍ മേഖലയില്‍ നമുക്കുള്ളത്. പക്ഷെ അതിന് അനുസരിച്ചുള്ള ലാബ് സൗകര്യവും ഒരുക്കേണ്ടത് നിര്‍ബന്ധമാണ്. പക്ഷെ അത് എന്തുകൊണ്ട് നടക്കുന്നില്ല എന്നത് അറിയില്ല.