ഹരിതയുടെ സംസ്ഥാന കമ്മിറ്റിയെ മുസ്ലീം ലീഗ് പിരിച്ചുവിട്ടു. 2018 ൽ രൂപീകരിച്ച കമ്മിറ്റിക്കെതിരായാണ് പാർട്ടി നടപടി. മുഫീദ തസ്നി പ്രസിഡൻ്റും അഡ്വ. നജുമ തബഷീറ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പിരിച്ചുവിട്ടത്.
ഹരിത നേതൃത്വം
ഹൈലൈറ്റ്:
- ഹരിതയുടെ സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടു.
- മുസ്ലീം ലീഗാണ് നടപടി സ്വീകരിച്ചത്.
- 2018 ൽ രൂപീകരിച്ച കമ്മിറ്റിക്കെതിരായാണ് നടപടി.
ഹരിത നേതാക്കളെ എംഎസ്എഫ് നേതാക്കൾ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതി വലിയ വിവാദങ്ങൾക്കായിരുന്നു വഴിവെച്ചത്. ഇതിനു പിന്നാലെ ഹരിതയുടെ സംസ്ഥാന കമ്മിറ്റിയെ മുസ്ലീം ലീഗ് മരവിപ്പിച്ചിരുന്നു. പാർട്ടി നടപടിക്കെതിരെ എതിർപ്പു രൂക്ഷമായതോടെ ഒത്തുതീർപ്പിന്റെ ഭാഗമായി ഹരിതയെ മരവിപ്പിച്ച നടപടി പിൻവലിച്ചിരുന്നു. തുടർന്ന് ഹരിത നേതാക്കൾ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നും എംഎസ്എഫ് നേതൃത്വം പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്നും വ്യക്തമാക്കി മുസ്ലീം ലീഗ് പത്രക്കുറിപ്പ് പുറത്തിറക്കി. ഫേസ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ച് എംഎസ്എഫ് നേതാക്കൾ രംഗത്തെത്തിയെങ്കിലും തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഹരിത നേതൃത്വം വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാൻ തയ്യാറായില്ല. ലീഗിനു വീണ്ടും തലവേദനയായതോടെയാണ് ഹരിതയുടെ സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടുവെന്ന അറിയിപ്പ് വന്നിരിക്കുന്നത്.
എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീർ മുതുപറമ്പ്, വി.എ വഹാബ് എന്നീ നേതാക്കൾക്കെതിരെയാണ് ഹരിത സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 10 അംഗ സംഘം വനിതാ കമ്മീഷനു പരാതി നൽകിയത്. മുസ്ലീം ലീഗിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇടപെട്ടെങ്കിലും നീതി ലഭിക്കാതെ പരാതി പിൻവലിക്കില്ലെന്ന നിലപാടിൽ ഹരിത ഉറച്ചുനിന്നിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : muslim league dissolves haritha state committee over controversy with msf
Malayalam News from malayalam.samayam.com, TIL Network