“പൗരത്വ നിയമ ഭേദഗതി അഭയാര്‍ത്ഥികളെ പരിഗണിക്കുന്നതല്ല. മതത്തിന്റെ പേരിൽ വിഘടിപ്പിക്കുന്നതാണ്. അഭയാര്‍ത്ഥികളെ മതത്തിന്റെയും രാജ്യത്തിന്റെയും പേരിൽ വേര്‍തിരിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി.”
എം കെ സ്റ്റാലിൻ
ഹൈലൈറ്റ്:
- ബിജെപിയും എഐഎഡിഎംകെയും ഇറങ്ങിപ്പോയി
- പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് സ്റ്റാലിൻ
- അഭയാര്‍ത്ഥികളോട് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടത്
പൗരത്വ നിയമ ഭേദഗതി അഭയാര്‍ത്ഥികളെ പരിഗണിക്കുന്നതല്ല. മതത്തിന്റെ പേരിൽ വിഘടിപ്പിക്കുന്നതാണ്. രാജ്യത്തിന്റെ ഐക്യവും മതേതര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിന് പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് സ്റ്റാലിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ജനാധിപത്യ രാജ്യത്തെ അധികാരികളുടെ തീരുമാനങ്ങൾ രാജ്യത്തെ മുഴുവൻ ജനങ്ങളുടെ താൽപര്യങ്ങളേയും വികാരങ്ങളേയും ഉൾക്കൊള്ളുന്നതാകണമെന്ന് സ്റ്റാലിൻ പറഞ്ഞു.
Also Read: എന്താണ് പൗരത്വ നിയമ ഭേദഗതി? നിയമം ഇന്ത്യൻ പൗരന്മാരെ ബാധിക്കുമോ? അറിയേണ്ടതെല്ലാം
അഭയാര്‍ത്ഥികളെ മതത്തിന്റെയും രാജ്യത്തിന്റെയും പേരിൽ വേര്‍തിരിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് വംശജര്‍ക്ക് പൗരത്വം ലഭിക്കാനുള്ള അവസരം നിയമ ഭേദഗതി മൂലം തടസപ്പെട്ടു. അഭയാര്‍ത്ഥികളോട് മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പൗരത്വ നിയമഭേദഗതി ഇന്ത്യയിലെ മുസ്ലിങ്ങൾക്കെതിരായുള്ളതല്ലെന്ന് ബിജെപി നേതാവ് നൈനാര്‍ നാഗേന്ദ്രൻ അവകാശപ്പെട്ടു. ന്യൂനപക്ഷത്തെ പ്രീണിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി എംഎൽഎ വനതി ശ്രീനിവാസൻ പറഞ്ഞു. പൗരത്വ നിയമഭേദഗതി മൂന്ന് രാജ്യങ്ങളെ സംബന്ധിച്ച് മാത്രമാണെന്നും അതിൽ ശ്രീലങ്കയില്ലെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ അംഗങ്ങളെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് എഐഎഡിഎംകെ അംഗങ്ങൾ ഇറങ്ങിപ്പോയത്. പ്രമേയത്തിന് എതിരാണോ പാര്‍ട്ടിയെന്ന ചോദ്യത്തോട് എടപ്പാടി പളനിസ്വാമി പ്രതികരിച്ചില്ല.
പശ്ചിമ ബംഗാൾ, കേരളം, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇതിനു മുമ്പ് പ്രമേയം പാസാക്കിയിരുന്നു.
പൗരത്വ നിയമത്തിലെ ചട്ടങ്ങൾ രൂപീകരിക്കാൻ ഇനിയും സമയം ആവശ്യമാണെന്നാണ് കേന്ദ്രം പറയുന്നത്. ലോക് സഭയിൽ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ചോദ്യത്തിനാണ് ആഭ്യന്തര മന്ത്രാലയം മറുപടി നൽകിയത്. 2022 ജനുവരി 9 വരെ ഇതിനു സമയം ആവശ്യമാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പറഞ്ഞു.
2019ലാണ് പാര്‍ലമെന്റിൽ പൗരത്വ നിയമം പാസാക്കിയത്. അതേവര്‍ഷം ഡിസംബര്‍ 12ന് വിജ്ഞാപനമിറക്കി. 2020 ജനുവരി 10 മുതൽ വിജ്ഞാപനം പ്രാബല്യത്തിൽ വന്നു.
‘ഇന്ത്യൻ മുസ്ലിങ്ങൾ പേടിക്കേണ്ട’: അർധരാത്രിയിൽ പൗരത്വ ഭേദഗതി ബിൽ പാസാക്കി ലോക്സഭ
അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ. 2014 ഡിസംബർ 31നുമുമ്പ് ഇന്ത്യയിൽ എത്തി ആറുവർഷം ഇവിടെ കഴിഞ്ഞവർക്കാണ് പൗരത്വം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കാണ് ബിൽ പ്രകാരം പൗരത്വം ലഭിക്കുക.
അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുകയെന്നതാണ് ബിൽ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നാണ് ബിജെപിയുടെയും സർക്കാരിന്റെയും വാദം. എന്നാൽ, അഹമദിയ മുസ്ലീം, ഷിയ തുടങ്ങിയ വിഭാഗങ്ങൾക്ക് പാകിസ്ഥാനിൽ കടുത്ത വിവേചനമാണ് നേരിടേണ്ടിവരുന്നത്. ഇവരെ സർക്കാർ പരിഗണിച്ചിട്ടില്ല. റോഹിങ്ക്യൻ അഭയാർത്ഥികളെയും ബർമയിലെ ഹിന്ദുക്കളെയും ബില്ലിൽ ഉൾപ്പെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ശ്രീലങ്കയിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ബിൽ അവഗണിക്കുന്നു. മുസ്ലീം ജനതയ്ക്ക് മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളിൽ അഭയം തേടാമെന്ന് പറയുന്ന സർക്കാർ മറ്റ് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ല.
ചെറുവിരലിൽ വിസ്മയം തീർത്ത് മുഹമ്മദ് സാലിഹ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : tamil nadu assembly moves resolution against caa
Malayalam News from malayalam.samayam.com, TIL Network