ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാല സംബന്ധിച്ച ക്രമക്കേട് പരാതിയില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. തിരുവാഭരണ കമ്മീഷണര്‍ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ക്രമക്കേസ് ബോര്‍ഡിനെ അറിയിക്കാത്തതിനാണ് ഉദ്യോഗസ്ഥര്ക്കെതിരേ ദേവസ്വം ബോര്‍ഡിന്റെ നോട്ടീസ്.
തിരുവാഭരണ കമ്മീഷണര്‍ അജിത് കുമാര്‍, ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍, ഏറ്റുമാനൂര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ച പറ്റിയെന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവരുടെ വിശദീകരണം കേട്ടശേഷമായിരിക്കും അച്ചടക്ക നടപടികള്‍ ഉള്‍പ്പെടെയുള്ള മറ്റ് നടപടികളിലേക്ക് ദേവസ്വം ബോര്‍ഡ് പോകുക.
എന്നാല്‍, രണ്ടര ഗ്രാം സ്വര്‍ണം മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നിരുന്നാലും സംഭവം ദേവസ്വം ബോര്‍ഡിനെ അറിയിക്കുന്നതില്‍ വലിയ വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
നേരത്തെ, തനിക്ക് കിട്ടുമ്പോള്‍ നിലവിലുള്ള 72 മുത്തുകളുള്ള രുദ്രാക്ഷം കെട്ടിയ സ്വര്‍ണമാലയാണ് ലഭിച്ചതെന്ന് മുന്‍ മേല്‍ശാന്തി കോട്ടയം ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാറിന്റെ ഓഫീസില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. ഏറ്റെടുക്കുന്ന സമയത്ത് കിട്ടിയ മാലയ്ക്ക് വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള വലുപ്പം ഇല്ലാതിരുന്നതിനാല്‍ ചാര്ത്തിയിട്ടേയില്ല. അതിനാല്‍ ബോക്സില്‍ തന്നെ മാല സൂക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മാലയ്ക്ക് പഴക്കം തോന്നാത്തതെന്നും മുന്‍ മേല്‍ശാന്തി മൊഴി നല്കി.
മാല കാണാതായെന്നാണ് ദേവസ്വം വിജിലന്‍സ് ദേവസ്വം ബോര്‍ഡിനു നല്കിയ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇതിന്‍പ്രകാരം മുന്‍ മേല്ശാന്തിക്കെതിരേ കേസെടുക്കാന്‍ നീക്കംനടന്നിരുന്നു. പോലീസിന്റെ സമാന്തര അന്വേഷണവും നടക്കുന്നുണ്ട്. 2021 ജൂലായ് അഞ്ചിന് പുതിയ മേല്‍ശാന്തിക്ക് മാലയും മറ്റു സാമഗ്രികളും കൈമാറുന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന ദേവസ്വം ഉദ്യോഗസ്ഥന്റെയും ദേവസ്വം സ്വര്ണപ്പണിക്കാരന്റെയും മൊഴികള്‍ രേഖപ്പെടുത്തിരുന്നു. മാലയുടെ പഴക്കം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തും.
Content Highlights: Notice of Devaswom Board to six officers in Ettumanoor temple chain case