കോട്ടയം: കേരളത്തില്‍ ലൗജിഹാദും നാർക്കോട്ടിക് ജിഹാദും സജീവമാണെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കള്ളറങ്ങാട്ടിന്റെ പ്രസ്താവനയ്ക്കെതിരേ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുവാന്‍ അള്‍ത്താര ഉപയോഗിക്കരുതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ല. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കംകൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒഴിവാക്കണം, അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് മറ്റൊരു കുറിപ്പും ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാര്‍ക്കോട്ടിക് പ്രശ്നത്തിന് ഒരു മതത്തിന്റെയും നിറം കൊടുക്കരുതെന്നും അതിന്റെ നിറം സാമൂഹ്യവിരുദ്ധതയുടേതാണെന്നുമുള്ള പിണറായിയുടെ നിലപാടിന് അഭിവാദ്യങ്ങള്‍ അർപ്പിച്ചുകൊണ്ടുള്ളതാണ് ഈ കുറിപ്പ്.
ആയുധം കൊണ്ട് കീഴടക്കാന്‍ കഴിയാത്തിടത്ത് ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും പോലുള്ളവ സജീവമാണെന്നും കേരളത്തില്‍ ഇതിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കള്ളറങ്ങാട്ടിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. കത്തോലിക്ക കുടുംബങ്ങള്‍ ഇത്തരം സംഘങ്ങളെ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
Content Highlights: geevarghese mar coorilos statement against pala bishop