മുന്നിലുള്ളത് കശ്മീര്‍
എറ്റവും പിന്നില്‍ ഗുജറാത്ത്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തോടെ കേരളത്തിലെ യുവജനങ്ങളിലെ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നു. 15-29നും ഇടയ്ക്ക് പ്രായമുള്ളവരില്‍ കോവിഡിനുമുമ്പ് 2019 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2020-ല്‍ ഇതേകാലത്ത് 43 ശതമാനത്തിലെത്തി.
കോവിഡിനുമുമ്പ് യുവാക്കളുടെ തൊഴിലില്ലായ്മയില്‍ രാജ്യത്ത് കേരളമായിരുന്നു മുന്നില്‍, 36.3 ശതമാനം. ഇപ്പോഴത്തെ നിരക്കില്‍ 43.9 ശതമാനവുമായി ജമ്മുകശ്മീര്‍ മുന്നിലുണ്ട്.
ദേശീയ സാംപിള്‍ സര്‍വേ ഓര്ഗനൈസേഷന് (എന്‍.എസ്.എസ്.ഒ.) പിരിയോഡിക് ലേബര്‍ഫോഴ്സ് സര്‍വേയുടെ 2020 ഒക്ടോബര്‍-ഡിസംബര്‍ കാലത്തെ ഫലമാണിത്. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ മൂന്നുമാസത്തിലൊരിക്കല്‍ വിലയിരുത്തുന്ന സര്‍വേയാണിത്.
കേരളത്തില്‍ 15-29 വിഭാഗത്തില്‍ യുവതികളാണ് രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നത്, 55.7 ശതമാനം. യുവാക്കളില്‍ 37.1 ശതമാനം. തൊഴില്‍ ചെയ്യാന്‍ സന്നദ്ധമായിട്ടും ആഴ്ചയില്‍ ഒരുദിവസം ഒരുമണിക്കൂര്‍പോലും തൊഴിലെടുക്കാത്ത അഭ്യസ്തവിദ്യരെയാണ് ഈ സര്‍വേ തൊഴിലില്ലാത്തവരായി പരിഗണിക്കുന്നത്.
2020 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ എല്ലാ പ്രായവിഭാഗങ്ങളിലുമായി കേരളത്തിലെ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ 16.7 ശതമാനത്തിലെത്തി. കോവിഡിന്റെ ഒന്നാംതരംഗത്തില്‍ ഇത് 27.3 ശതമാനംവരെ കുതിച്ചുയര്‍ന്നെങ്കിലും ഇപ്പോള്‍ കാര്യമായ കുറവുണ്ട്. എല്ലാ പ്രായവിഭാഗങ്ങളും ഒരുമിച്ചെടുക്കുമ്പോഴും രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളം. 17.8 ശതമാനത്തോടെ ഇതിലും ജമ്മുകശ്മീരാണ് ഏറ്റവും മുന്നില്‍.
ഗുജറാത്താണ് തൊഴിലില്ലായ്മയില്‍ ഏറ്റവും പിന്നില്‍. നാലുശതമാനം മാത്രം. തമിഴ്നാട്ടില്‍ 8.9-ഉം കര്‍ണാടകത്തില്‍ 7.1-ഉം ശതമാനവുമാണ്. കോവിഡ് വ്യാപനത്തിനുമുമ്പ് 2019 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 12.5 ശതമാനമായിരുന്നു. കോവിഡ് വ്യാപനം തുടങ്ങിയ 2020 ജനുവരി-മാര്‍ച്ച് പാദത്തില്‍ 16.4 ശതമാനമായും ഏപ്രില്‍-ജൂണില്‍ 27.3 ശതമാനമായും കുതിച്ചുയര്‍ന്നു.