ഹോമിനെക്കുറിച്ചും ഒലിവർ ട്വിസ്റ്റിനെക്കുറിച്ചുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ അവസാനിച്ചിട്ടില്ല. ഏറെ ജനപ്രിയമായി മാറിയ ഈ ഫീൽഗുഡ് സിനിമയുടെ പ്രധാന ആകർഷണം ഒലിവർ ട്വിസ്റ്റിനെ അവതരിപ്പിച്ച ഇന്ദ്രൻസിന്റെ സ്വാഭാവിക അഭിനയമാണ്. അഞ്ഞൂറിലേറെ സിനിമ പൂർത്തിയാക്കിയ ഇന്ദ്രൻസ് സംസാരിക്കുന്നു.
റോജിൻ തോമസിന്റെ ഹോം ഹിറ്റായതോടെ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയും ഇന്ദ്രൻസ് എന്ന നടനെയും കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിലാകെ. പുതുതലമുറയ്ക്ക് ഒരു പാഠപുസ്തകമാണ് ഇന്ദ്രൻസിന്റെ ജീവിതം. ഹോം സിനിമയെക്കുറിച്ചും ഒലിവർ ട്വിസ്റ്റിനെക്കുറിച്ചും ഇന്ദ്രൻസ്:
കണ്ണീരൂറിയ സന്തോഷം
ഹോം ഇറങ്ങിയതുമുതൽ ക്യാനഡ, അമേരിക്ക, സ്വിറ്റ്സർലൻഡ് പോലുള്ള രാജ്യങ്ങളിൽനിന്ന് പലരും വിളിച്ചു. കൂടുതലും അപരിചിതർ. തിരക്കായതിനാൽ എടുക്കാനായില്ല. ആദ്യ ദിവസം ഫോൺ ഓഫ് ചെയ്ത് കിടന്നു. പിറ്റേന്നു മുതൽ രാത്രി ഉണർന്നിരുന്ന് പറ്റാവുന്നത്രയും അറ്റൻഡ് ചെയ്തു. ഇപ്പോഴും കോൾ വരുന്നുണ്ട്. ചിലർ ഏങ്ങിയേങ്ങി കരയുക മാത്രം ചെയ്തു. ഞാനും വല്ലാതായി. ഒലിവർ ട്വിസ്റ്റ് പലരെയും സ്വാധീനിച്ചു. അടൂർ, മോഹൻലാൽ, ലാൽ, സത്യൻ അന്തിക്കാട്, മഞ്ജു വാര്യർ, ജയറാം, ദിലീപ്, എം പി സുകുമാരൻ നായർ, കലൂർ ഡെന്നീസ്, തമിഴ് സംവിധായകൻ മുരുകദോസ് തുടങ്ങിയവർ അഭിനന്ദിച്ചു. മന്ത്രി എം വി ഗോവിന്ദൻ മാഷ്, കെ കെ ശൈലജ ടീച്ചർ, അൽഫോൺസ് കണ്ണന്താനം തുടങ്ങിയവരും. നടൻ ജയറാം കഴിഞ്ഞ ദിവസം വീണ്ടും വിളിച്ചു. ഒരു തമിഴ് സിനിമയുടെ പൂജയ്ക്ക് ബാഹുബലിയുടെ സംവിധായകൻ രാജമൗലി, ഷങ്കർ, ചിരഞ്ജീവി എന്നിവർക്കൊപ്പം ജയറാമും പങ്കെടുത്തിരുന്നു. അവർക്കിടയിലെ പ്രധാന ചർച്ച ഹോമും ഒലിവർ ട്വിസ്റ്റുമായിരുന്നു എന്ന് സന്തോഷത്തോടെയാണ് ജയറാം പറഞ്ഞത്.
ഞാനും കഥാപാത്രവും
ഒലിവർ ട്വിസ്റ്റിനെപ്പോലെയാണ് ഞാനും.സാധാരണ ഫോൺ ഉപയോഗിക്കുന്നയാൾ. സ്മാർട്ട് ഫോൺ ആവശ്യം വരുമ്പോൾ മക്കളും സുഹൃത്തുക്കളും സഹായിക്കും. അതിനൊന്നും സൗകര്യമില്ലാത്തവരെക്കുറിച്ച് ഓർക്കുമ്പോൾ ആധി തോന്നാറുണ്ട്. എന്റെ ഫോണിൽ ഇത്തരം സൗകര്യമൊന്നുമില്ലായെന്ന് ഞാൻ തുറന്നുപറയും. ചിലപ്പോഴൊക്കെ അത് ഗുണവും ചെയ്തിട്ടുണ്ട്.
ഒടിടി
ഒടിടി പ്ലാറ്റ്ഫോം വഴി മലയാളത്തിലെ ഒരു കുഞ്ഞുചിത്രം ലോകം മുഴുവൻ കാണുന്നത് അത്ഭുതപ്പെടുത്തുന്നു. തിയറ്റർ അനുഭവം ലഭിക്കുന്നില്ലെങ്കിലും കൂടുതൽ ആളുകളിലേക്കും രാജ്യങ്ങളിലേക്കും സിനിമയെത്തുന്നു. ഒലിവർ ട്വിസ്റ്റിനെപ്പോലെ ഇതൊന്നും ഉപയോഗിക്കാനറിയാത്തവരുമുണ്ട്. ആരുടെയെങ്കിലും സഹായമില്ലാതെ ഫോണിലോ മറ്റോ അവർക്ക് കാണാൻ പറ്റില്ല. ചെറിയ സ്ക്രീനിൽ കാണുമ്പോൾ തൃപ്തി കിട്ടാത്തവരുമുണ്ട്. അവർക്ക് തിയറ്ററിൽ ഇരുന്നു തന്നെകാണണം. തിയറ്ററിൽ കാണുമ്പോഴാണ് പ്രതികരണം അറിയാനാകുക.ആൾക്കൂട്ടത്തിന്റെ ആരവം കലാപ്രവർത്തകർക്ക് നൽകുന്ന ഊർജം ചെറുതല്ല.
തിരക്കഥകൾ
ഹോമിനു ശേഷം നിരവധിപേർ കഥപറയാൻ വരുന്നുണ്ട്. എനിക്ക് താങ്ങാൻ പറ്റാത്ത കഥാപാത്രങ്ങളുമുണ്ട്. കഥ കേൾക്കുന്നതിലും ഇഷ്ടം തിരക്കഥ വായിക്കുന്നതിലാണ്. ചിലർ ഗംഭീരമായി കഥപറയും. എന്നാൽ പലപ്പോഴും ഷൂട്ടിങ് സമയത്ത് തിരക്കഥയിൽ അതുകാണില്ല. കഥ പറയുന്നവർ കഴിവുള്ളവരാണോ എന്ന് നോക്കും. അനുഭവസമ്പന്നരായ സംവിധായകരാണെങ്കിൽ അഭിനയിക്കാൻ ധൈര്യമാണ്. അവരോട് എന്റെ സീനുകൾ മാത്രമേ ചോദിക്കാറുള്ളൂ.
പുതിയ സിനിമ
പതിനഞ്ചോളം സിനിമ പുറത്തിറങ്ങാനുണ്ട്. മിഥുൻ മാനുവലിന്റെ സിനിമയോടെ 545 എണ്ണം പൂർത്തിയാകും.
പള്ളിയും ഹോമും
മലങ്കരസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പള്ളിയിലെ പ്രഭാഷണത്തിൽ ഹോമിനെ പരാമർശിച്ചു. കുടുംബബന്ധങ്ങളെക്കുറിച്ച് അടുത്തകാലത്തിറങ്ങിയ മികച്ച സിനിമയെന്നാണ് അദ്ദേഹം പറഞ്ഞത്. അഭിനയിച്ചതിനപ്പുറം എന്തോ സൽകർമം ചെയ്ത അനുഭൂതിയാണ് ഹോം വ്യക്തിപരമായി നൽകുന്നത്. ഒരുപാടുപേർക്ക് അവരവരുടെ ഉള്ളിലേക്ക് തിരിഞ്ഞുനോക്കാൻ ഒലിവർ ട്വിസ്റ്റ് കാരണമായി.
ന്യൂജെൻ ചിന്തകൾ
സംവിധായകൻ റോജിൻ തോമസ് എന്ന ചെറുപ്പക്കാരൻ എത്ര ഗൗരവത്തോടെയാണ് കുടുംബബന്ധങ്ങളെപ്പറ്റി ചിന്തിക്കുന്നത് എന്നത് ഏറെ സന്തോഷം തരുന്നു. ബന്ധങ്ങളുടെ ശക്തി, കെട്ടുറപ്പ് എന്നിവയെല്ലാം എക്കാലത്തേയും ചിന്താവിഷയമാണ്. അതുതന്നെയാണ് ഹോമിന്റെ വിജയം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..