പാലക്കാട്: ഗവേഷക വിദ്യാര്‍ഥിനിയായിരുന്ന കൃഷ്ണ കുമാരിയുടെ ആത്മഹത്യയില്‍ ഗൈഡ് ഡോക്ടര്‍ എന്‍. രാധികയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം. പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന ഗൈഡിന്റെ വാദം ശരിയല്ലെന്നാണ് കൃഷ്ണ സഹോദരി രാധിക പറയുന്നത്.
കഴിഞ്ഞ ദിവസം കോളേജില്‍ എത്തിയപ്പോള്‍ എന്തോ എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും മോശമായാണ് പെരുമാറിയതെന്നും കൃഷ്ണ കുമാരി പറഞ്ഞിരുന്നുവെന്ന് സഹോദരി പറഞ്ഞു. പബ്ലിഷിങ്ങിന് വിട്ട പ്രബന്ധമാണ് തടഞ്ഞതെന്നും എന്തെങ്കിലും തിരുത്തലുണ്ടെങ്കില്‍ പബ്ലിഷിങ്ങിന് വിടുമായിരുന്നോ എന്നുമാണ് സഹോദരി ചോദിക്കുന്നത്.
ബ്ലൂ വെയ്ല് ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്ക് നല്കി ഒടുവില്‍ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചത് ഡോക്ടര്‍ എന്‍. രാധികയും അവര്‍ക്കൊപ്പമുള്ള ബാലമുരുകന് എന്നയാളുമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. എപ്പോഴും കറക്ഷന് എന്ന് പറഞ്ഞാണ് മാനസികമായി തളര്‍ത്തിയത്.
പഠനത്തില്‍ വളരെ മികവ് കാണിച്ചിരുന്ന കൃഷ്ണ കുമാരി പ്രബന്ധത്തിന് അംഗീകാരം ലഭിക്കാത്തതില്‍ മാനസികമായി തകര്‍ന്നിരുന്നു. ഓരോ തവണ പ്രബന്ധം അംഗീകരിക്കാനായി സമര്‍പ്പിക്കുമ്പോഴും ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ട് പോവുകയായിരുന്നു പതിവെന്ന് കുടുംബം ആരോപിക്കുന്നു.
മെറിറ്റില്‍ കിട്ടിയ സ്കോളര്‍ഷിപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവേഷക വിദ്യാര്‍ഥിയായി ചേര്‍ന്നത്. അഞ്ച് വര്‍ഷമായി ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ കോയമ്പത്തൂര്‍ അമൃത കോളേജിലാണ് ഗവേഷണം നടത്തിയിരുന്നത്.
Content Highlights: Family says Krishna kumari`s suicide was like blue whale game and guide Dr N Radhika responsible for this