IPL 2021: നിലവിൽ ഐപിഎല്ലിൽ പങ്കെടുക്കാനെത്തിയ ധോണി ഒക്ടോബർ-നവംബർ മാസങ്ങളിൽ ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉപദേഷ്ടാവാകും.
IPL 2021: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2021 സീസണിന്റെ രണ്ടാം പാദ മത്സരങ്ങൾക്കായി എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിംഗ്സ് യുഎഇയിൽ എത്തിയിട്ട് ഏകദേശം ഒരു മാസമായി.
കോവിഡ് -19 പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ മെയ് മാസത്തിൽ മാറ്റിവച്ച പതിനാലാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19 ന് പുനരാരംഭിക്കും. ദുബായിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും.
ടൂർണമെന്റ് പുനരാരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ എല്ലാ കണ്ണുകളും ധോണിയിലേക്കാണ്. എവിടെ പോയാലും അദ്ദേഹത്തിന് ആവേശകരമായ സ്വീകരണങ്ങൾ ലഭിക്കുന്നത് തുടരുന്നു.
നിലവിൽ തന്റെ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ഐപിഎല്ലിൽ പങ്കെടുക്കാനെത്തിയ 40 കാരനായ താരം ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉപദേഷ്ടാവാകും.
അതേസമയം, മൊയീൻ അലി രവീന്ദ്ര ജഡേജ, ചേതേശ്വർ പൂജാര, ശാർദുൽ താക്കൂർ എന്നിവരടങ്ങിയ സിഎസ്കെയുടെ സംഘം ശനിയാഴ്ച രാത്രി ദുബായിലെത്തി. സാം കറൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ എത്തിച്ചേരും.
അതേസമയം, ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ മുംബൈ ഇന്ത്യൻസിന്റെ ക്യാമ്പിൽ ചേരാൻ ഒരുങ്ങുകയാണ്. അദ്ദേഹം ആറ് ദിവസം റൂം ഐസൊലേഷൻ പൂർത്തികരിച്ച ശേഷമാവും ക്യാമ്പിലെത്തുക. ടീം ഐക്കൺ എന്ന നിലയിലാണ് മുൻ ടീമിനൊപ്പം വീണ്ടും സച്ചിൻ ഒരുമിക്കുന്നത്.