കണ്ണൂര്‍: എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ നവാസിനെതിരായ ആരോപണങ്ങള്‍ അടഞ്ഞ അധ്യായമെന്ന് ഹരിതയുടെ പുതിയ ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ്. നവാസിന് പാര്‍ട്ടി താക്കീത് നല്‍കിയിട്ടുണ്ട്.അതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചിട്ടില്ലെന്നും പാര്‍ട്ടി സ്വീകരിച്ചത് ഉചിതമായ തീരുമാനമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
അനീതിയെ ചോദ്യംചെയ്യാന്‍ പാടില്ലെന്ന് മുസ്ലീം ലീഗില്‍ പറയുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്ന് അനീതിക്കെതിരെ പോരാടുകയെന്നതാണ് നയമെന്നും റുമൈസ കൂട്ടിച്ചേര്‍ത്തു. അനീതി കണ്ടാല്‍ ചോദ്യംചെയ്യരുത് എന്നതല്ല പാര്‍ട്ടി പറയുന്നത്. വിഷയങ്ങളുണ്ടാകുമ്പോള്‍ പാര്‍ട്ടി നടപടിയുണ്ടാകുമെന്നതിന്റെ സൂചനയാണ് പുതിയ കമ്മിറ്റി നിലവില്‍വന്നത്.
ഹരിതയെ സംബന്ധിച്ച് വിദ്യാര്‍ഥിനികളെ മുന്നോട്ട് കൊണ്ടുവരിക, അവര്‍ക്ക് രാഷ്ട്രീയം പറയാനുള്ള അവസരം നല്‍കുക എന്നതാണ് ലക്ഷ്യം. വനിത ലീഗിന് ഒക്കെ നല്‍കുന്നതിലും വലിയ പ്രധാന്യം ഹരിതയ്ക്ക് പാര്‍ട്ടി നല്‍കുന്നുണ്ടെന്നും ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് നോക്കിയാല്‍ ഇക്കാര്യം മനസ്സിലാകുമെന്നും അവര്‍ പറഞ്ഞു.
താന്‍ ഭാരാവാഹിയാകുന്നത് സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. പാര്‍ട്ടി നേതൃത്വമാണ് തീരുമാനമെടുത്തത്. താന്‍ പോലും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും റുമൈസ പറയുന്നു.
Content Highlights: Haritha new general secretary Rumaisa Rafeeq`s opinion on controversy