കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് അവരുടെ അശങ്കയാണെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള. ബിഷപ്പിന്റെ പ്രസ്താവനയെ ന്യായീകരിക്കാനോ നിരാകരിക്കാനോ വരുന്നില്ല. വിവാദമുണ്ടായ ശേഷം ബിഷപ്പിനോട് ഫോണില്‍ സംസാരിച്ചുവെന്നും ഇക്കാര്യത്തില്‍ പാലാ ബിഷപ്പിന് ദുരുദ്ദേശം ഉണ്ടെന്ന് കരുതുന്നില്ലെന്നും പി.എസ്. ശ്രീധരന് പിള്ള മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉയര്‍ത്തിയ ആശങ്ക സംബന്ധിച്ച് കൂടുതല്‍ പഠിച്ചിട്ടില്ല. പത്താം തീയതി പ്രധാനമന്ത്രിയെ കണ്ടിരുന്നു. അദ്ദേഹത്തെ കണ്ട അവസരത്തില്‍ ഇക്കാര്യത്തേക്കുറിച്ച് പ്രധാനമന്ത്രിക്ക് പ്രാഥമികമായി അറിയാമായിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പരാമർശം നടത്തിയതെന്നാണ് പാലാ ബിഷപ്പ് പറഞ്ഞത്. തനിക്ക് രാഷ്ട്രീയമില്ല, മറ്റുമതങ്ങളെ അപമാനിക്കാനില്ല. ആധികാരികമായി മനസിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അക്കാര്യങ്ങള്‍ പറഞ്ഞത്. അത് ചെയ്യേണ്ടത് ചുമതലയാണെന്നും ആരേയും അപമാനിക്കാനായി പറഞ്ഞല്ലെന്നും അദ്ദേഹം തന്നോട് പറഞ്ഞതായും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
വിഷയത്തില്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും അടിയന്തരമായി ഇടപെടുമോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി, കാര്യങ്ങള്‍ എങ്ങനെ പോകും എന്ന കാര്യം പ്രവചിക്കാന്‍ സാധിക്കില്ല. നീതി നിധേഷിക്കപ്പെട്ടവര്ക്ക് നീതി കൊടുക്കാന്‍ പ്രതിബന്ധതയും പ്രതിജ്ഞാബന്ധതയുമുള്ള ഒരു രാജ്യമാണ് നമ്മുടേത്. ആ നിലക്ക് സത്യം ജയിക്കും, നീതി ജയിക്കും എന്ന് കരുതുന്നുവെന്നും പി.എസ്. ശ്രീധരന് പിള്ള പറഞ്ഞു.
Content Highlights: P. S. Sreedharan Pillai on Narcotic Jihad Remark