മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചത്
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മിച്ചതായി ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്ത്യ (ബിസിസിഐ) അധ്യക്ഷന്‍ സൗരവ് ഗാംഗുലി. കോവിഡ് വ്യാപനം മാത്രമാണ് കാരണമായതെന്നും വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുന്‍നിര്‍ത്തിയല്ല തീരുമാനമെടുത്തതെന്നും ഗാംഗുലി വ്യക്തമാക്കി.
മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചത്. ഇന്ത്യന്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു നടപടി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നില്‍ നില്‍ക്കെയായിരുന്നു നിര്‍ണായകമായ അവസാന ടെസ്റ്റ് ഉപേക്ഷിച്ചത്. കളിക്കാന്‍ വിസമ്മതിച്ചതിന് താരങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ഗാംഗുലി ദി ടെലിഗ്രാഫിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
“ഫിസിയോ യോഗേഷ് പര്‍മറുമായി താരങ്ങള്‍ക്ക് അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. താരങ്ങളുടെ കോവിഡ് പരിശോധന വരെ നടത്തിയത് വരെ അദ്ദേഹമായിരുന്നു. താരങ്ങളുടെ എല്ലാക്കാര്യങ്ങളിലും യോഗേഷും പങ്കാളിയായിരുന്നു. യോഗേഷിന് കോവിഡ് സ്ഥിരീകരിച്ചത് കളിക്കാരെ അലട്ടി. വലിയ രീതിയില്‍ ഭീതിയുണ്ടായി,” ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലിന് മുന്‍പ് കോവിഡ് സ്ഥിരീകരിക്കരുതെന്ന് ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധം ഉണ്ടായിരുന്നതായി മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍ പറഞ്ഞു. എന്നാല്‍ വോണിന്റെ ആരോപണങ്ങളെ സ്ഥിരീകരിക്കുന്നതായിരുന്നില്ല ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതികരണം. മത്സരം ഉപേക്ഷിച്ചതും ഐപിഎല്ലും തമ്മില്‍ ബന്ധമില്ല എന്ന് ബോര്‍ഡ് വ്യക്തമാക്കി.