കൊച്ചി: കിറ്റക്സ് കമ്പനിക്കെതിരെ എം.എല്‍.എമാര്‍. കിറ്റക്സില്‍ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ ഗുരുതര ചട്ടലംഘനങ്ങള്‍ കണ്ടെത്തിയെന്നാണ് എം.എല്‍.എമാരുടെ ആരോപണം. തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട് എട്ടോളം ക്രമക്കേടുകള്‍ നടന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും സി.എസ്.ആര്. ഫണ്ട് ട്വന്റി-20യുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി വിനിയോഗിച്ചെന്നും എം.എല്‍.എമാര്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്ന് കളക്ടര്‍ ഉറപ്പുനല്‍കിയതായും പി.ടി. തോമസ് എം.എല്‍.എ. പറഞ്ഞു.
ഭൂരിഭാഗം ഡിപ്പാര്‍ട്ടുമെന്റുകളും ഞങ്ങള്‍ക്ക് നല്കിയ മറുപടി ഈ കമ്പനി നിയമവിധേയമായിട്ടല്ല പ്രവര്‍ത്തിക്കുന്നത് എന്നാണ്- പി.ടി. തോമസ് പറഞ്ഞു. സി.എസ്.ആര്. ഫണ്ട് ട്വന്റി-20 എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ചിലവഴിച്ചതിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ നല്ല നിലയിലാണ് ഇക്കാര്യത്തില്‍ കളക്ടര്‍ ഇടപെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചുനാളുകളായി വിവിധ വകുപ്പുകള്‍ കിറ്റക്സുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടത്തിയിരുന്നു. ഇത്തരത്തില്‍ 13-ഓളം പരിശോധനകള്‍ കിറ്റക്സ് കമ്പനിയുടെ വിവിധ ഓഫീസുകളില്‍ നടന്നു. കഴിഞ്ഞ ജില്ലാ വികസന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് എം.എല്‍.എമാരായ പി.ടി. തോമസ്, പി.വി. ശ്രീനിജന്, എല്‍ദോസ് കുന്നപ്പിള്ളി അടക്കമുള്ളവര്‍ ചില പരാതികള്‍ ഉന്നയിച്ചിരുന്നു.
പരിശോധനാ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൃത്യമായി പുറത്തുവരുന്നില്ല തുടങ്ങിയ കാര്യങ്ങളായിരുന്നു ആ യോഗത്തില്‍ ഉയര്‍ന്നത്. തുടര്‍ന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ ഇന്ന് മൂന്ന് എം.എല്‍.എമാരെയും കളക്ടറേറ്റിലേക്ക് വിളിച്ചുവരുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തത്. തൊഴില്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ് തുടങ്ങിയിടങ്ങളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനു ശേഷം എം.എല്‍.എമാര്‍ വാര്‍ത്താസമ്മേളനം നടത്തി. ഈ വാര്‍ത്താസമ്മേളനത്തിലാണ് കിറ്റക്സുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകള്‍ നടന്നെന്ന റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ലഭിച്ചതായി മാധ്യമങ്ങളോടു പ്രതികരിച്ചത്.