പരിശീലക സ്ഥാനം രാജിവച്ച മിസ്ബ ഉൾ ഹഖ്, വഖാർ യൂനിസ് എന്നിവർക്ക് പകരമായാണ് ഹെയ്ഡനും ഫിലാൻഡറും ചുമതലയേൽക്കുന്നത്
ലാഹോർ: ടി 20 ലോകകപ്പിൽ മുൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ മാത്യു ഹെയ്ഡനും മുൻ ദക്ഷണാഫ്രിക്കൻ ബോളർ വെർനോൺ ഫിലാൻഡറും പാകിസ്ഥാൻ ടീമിന്റെ പരിശീലകരാകും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) പുതിയ ചെയർമാൻ റമീസ് രാജ തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ലോകകപ്പിന് ഒരു മാസം മുമ്പ് പരിശീലക സ്ഥാനം രാജിവച്ച മിസ്ബ ഉൾ ഹഖ്, വഖാർ യൂനിസ് എന്നിവർക്ക് പകരമായാണ് ഹെയ്ഡനും ഫിലാൻഡറും ചുമതലയേൽക്കുന്നത്.
മാത്യു ഹെയ്ഡനെ ടീമിൽ ഉൾപ്പെടുത്തിയത് ഒരുപാട് ഗുണം ചെയ്യുമെന്ന് റമീസ് രാജ പറഞ്ഞു. “ഓസ്ട്രേലിയക്കാരന് ടീമിൽ അല്പം ആക്രമണ സ്വാഭാവം കൊണ്ടുവരാൻ കഴിയും. അദ്ദേഹത്തിന് ലോകകപ്പുകൾ കളിച്ചു പരിചയമുണ്ട്, കൂടാതെ അദ്ദേഹം ഒരു ലോകോത്തര കളിക്കാരനുമായിരുന്നു. ഡ്രസ്സിംഗ് റൂമിൽ ഒരു ഓസ്ട്രേലിയൻ ഉണ്ടായിരിക്കുന്നത് ഞങ്ങൾക്ക് ഒരുപാട് പ്രയോജനം ചെയ്യും.”
ഫിലാൻഡർ ബോളിങ്ങിലെ സൂക്ഷ്മത നന്നായി അറിയുന്ന ആളാണെന്നും ഓസ്ട്രേലിയയിൽ മികച്ച റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ടെന്നും പുതിയ പിസിബി ചെയർമാൻ കൂട്ടിച്ചേർത്തു.
ടി 20 ലോകകപ്പിന് ഒരു മാസം മാത്രം ശേഷിക്കെ പെട്ടന്നായിരുന്നു മിസ്ബയുടെയും വഖാറിന്റെയും രാജി. അതേത്തുടർന്നാണ് ഹെയ്ഡനെയും ഫിലാൻഡറിനെയും പാകിസ്ഥാൻ പരിശീലകരാക്കുന്നത്. കഴിഞ്ഞയാഴ്ച, മിസ്ബയും വഖറും രാജിവെച്ചെന്നും മുൻ പാകിസ്ഥാൻ ടെസ്റ്റ് താരങ്ങളായ സക്ലൈൻ മുഷ്താഖും അബ്ദുൽ റസാഖും ടീമിന്റെ താൽക്കാലിക പരിശീലകരാകുമെന്നും പിസിബി പ്രഖ്യാപിച്ചിരുന്നു.
Also read: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചു: ഗാംഗുലി