നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി, ബയേണ്‍ മ്യൂണിച്ച്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ്, ബാഴ്സലോണ തുടങ്ങിയ കരുത്തരായ ടീമുകള്‍ ഇന്നിറങ്ങും
ന്യൂഡല്‍ഹി: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി, ബയേണ്‍ മ്യൂണിച്ച്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ്, ബാഴ്സലോണ തുടങ്ങിയ കരുത്തരായ ടീമുകള്‍ ഇന്നിറങ്ങും.
ആദ്യ റൗണ്ടിലെ സൂപ്പര്‍ പോരാട്ടം ബാഴ്സയും ബയേണും തമ്മിലാണ്. ലയണല്‍ മെസിയും, ആന്റോണിയോ ഗ്രീസ്മാനുമില്ലാതെയാണ് ബാഴ്സയിറങ്ങുന്നത്. 2020 ചാമ്പ്യന്‍സ് ലീഗില്‍ 8-2 ബയേണിനോട് പരാജയപ്പെട്ടായിരുന്നു ബാഴ്സ പുറത്തായത്. മെസിയുടെ പടിയിറക്കത്തിന് കാരണമായതും ഈ തോല്‍വി തന്നെയായിരുന്നു.
2009 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഒരിക്കല്‍ കൂടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേഴ്സിയില്‍ ചാമ്പ്യന്‍സ് ലീഗിനിറങ്ങും. സ്വിസ് ടീമായ യങ് ബോയ്സാണ് എതിരാളികള്‍. കഴിഞ്ഞ തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം യുണൈറ്റഡിനൊപ്പമായിരുന്നു.
കിരീടം നിലനിര്‍ത്താനുള്ള ചെല്‍സിയുടെ പോരാട്ടങ്ങള്‍ക്കും ഇന്ന് തുടക്കമാകും. സെനിത് സെന്റ് പീറ്റേര്സ്ബര്ഗാണ് ചാമ്പ്യന്മാരുടെ എതിരാളികള്‍. ഉജ്വല ഫോമില്‍ തുടരുന്ന സ്ട്രൈക്കര്‍ റൊമേലു ലൂക്കാക്കുവാണ് ചെല്‍സിയുടെ കരുത്ത്.
റൊണാള്‍ഡോയുടെ പടിയിറക്കത്തോടെ തിരിച്ചടി നേരിടുന്ന യുവന്റസ് മാല്‍മോയെ നേരിടും. ഇറ്റാലിയന്‍ സീരി എയില്‍ ശുഭകരമായുള്ള തുടക്കമായിരുന്നില്ല യുവന്റസിന് ലഭിച്ചത്. ലീഗില്‍ മൂന്ന് കളികളില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള യുവന്റസ് പട്ടികയില്‍ 16-ാം സ്ഥാനത്താണ്.