കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകും. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നല്‍കിയെന്ന കേസിലാണ് സുരേന്ദ്രന് കൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
കേസില്‍ അന്വേഷണം ഇഴയുന്നുവെന്ന പരാതിക്കിടെയാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നടപടി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സുന്ദരയ്ക്ക് നേരിട്ട് പണം നല്കിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും നേരത്തെ അന്വേഷണസംഘം രേഖപ്പടുത്തിയിരുന്നു. സുന്ദരയില്‍ നിന്ന് രണ്ട് ലക്ഷം രൂപ പോലീസ് കണ്ടെടുത്തിരുന്നു. സുന്ദരയ്ക്ക് ലഭിച്ച മൊബൈല്‍ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.
content highlights: manjeswaram election bribery case, surendran will appear for questioning tomorrow