കോഴിക്കോട്: കേട്ടുവളര്‍ന്ന സി.പി.എമ്മില്‍ നിന്ന് വ്യത്യസ്തമാണ് നേരനുഭവമുള്ള സി.പി.എം എന്ന് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി അനില്‍കുമാര്‍. കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമാണെന്നും തന്നെ വിമര്‍ശിക്കുന്നവര്‍ ചരിത്രം ഓര്‍മിക്കുന്നത് നല്ലതായിരിക്കുമെന്നും അനില്‍കുമാര്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എമ്മില്‍ ചേര്‍ന്ന ശേഷം കോഴിക്കോട്ടെത്തിയ അനിൽകുമാർ ജില്ലാ കമ്മിറ്റി ഓഫീസില്‍ നല്കിയ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
അനില്‍കുമാറിനെ സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കളെല്ലാം ഓഫീസില്‍ എത്തിയിരുന്നു. ഇനി സഖാവ് അനില്‍കുമാറായിരിക്കുമെന്ന് ചുവപ്പ് ഷാള്‍ അണിയിച്ചുകൊണ്ട് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് പറഞ്ഞു. അനില്‍കുമാര്‍ നേരത്തെ സി.പി.എമ്മില്‍ എത്തേണ്ട ആളായിരുന്നുവെന്നും മോഹനന് പറഞ്ഞു.
കോണ്‍ഗ്രസ് വിട്ടുവരുന്നവരെ മാലിന്യമെന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുമ്പോള്‍ അവര്‍ സ്വയം തിരിഞ്ഞ് നോക്കുന്നത് നല്ലതായിരിക്കും. ബി.ജെ.പിയിലേക്ക് പോവുന്നതിന് എന്ത് തെറ്റ് എന്നൊക്കെ ചോദിച്ച സുധാകരനാണ് എന്നെ മര്യാദ പഠിപ്പിക്കാന്‍ നോക്കുന്നത്. സംഘപരിവാര്‍ മനസ്സുണ്ടെന്ന് ഞാന്‍ പറഞ്ഞതല്ല. അദ്ദേഹം തന്നെയാണ് അത് വ്യക്തമാക്കിയത്. ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം പയ്യാമ്പലത്ത് കൊണ്ടുവന്നപ്പോള്‍ മാലിന്യം എന്ന് പറഞ്ഞയാളാണ് സുധാകരന്. അങ്ങനെയുള്ളയാളാണ് ഇന്ന് കോണ്‍ഗ്രസിനെ നയിക്കുന്നത്. അപ്പോള്‍ ഞാനായിരുന്നോ സുധാകരനായിരുന്നോ കോണ്‍ഗ്രസ് എന്ന് ആലോചിക്കണം. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയേയും അഹമ്മദ് പട്ടേലിനേയുമെല്ലാം പലതും വിളിച്ച് നടന്ന കെ.മുരളീധരന് തന്നെ വിമര്‍ശിക്കാന്‍ എന്ത് അവകാശമാണുള്ളതെന്നും അനില്‍കുമാര്‍ ചോദിച്ചു.
Content Highlights: CPM is different from what I heard-Anilkumar