തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയവരൊക്കെ പാര്‍ട്ടിയില്‍ നിന്ന് ഒരുപാട് ആനുകൂല്യങ്ങള്‍ പറ്റിയവരാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും കൂടുതല്‍ ആളുകള്‍ പുറത്തുപോകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നുള്ള കെ.സുധാകരന്റെ അവകാശവാദത്തെ പരോക്ഷമായി പരിഹസിക്കാനും ഹസന് മറന്നില്ല. എന്താണ് കേഡര്‍ എന്നോ സെമി കേഡര്‍ എന്നോ തനിക്ക് അറിയില്ലെന്നും കോണ്‍ഗ്രസിന് സ്വന്തമായി ഒരു ഭരണ ഘടനയുണ്ടെന്നും ഹസന് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് ആ ഭരണഘടന അനുസരിച്ചാണെന്നും ഹസന് വ്യക്തമാക്കി.
അതേസമയം, പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ യുഡിഎഫിനുള്ളില്‍ ആശയക്കുഴപ്പമുണ്ടെന്ന് സൂചന. വിഷയത്തില്‍ ഈ മാസം 23 ന് യുഡിഎഫ് യോഗം ചേര്‍ന്ന് നിലപാട് സ്വീകരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പാലാ ബിഷപ്പിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനുള്ളിലും മുന്നണിയിലും വിരുദ്ധാഭിപ്രായമുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് എംഎം ഹസന് മാധ്യമങ്ങളെ കണ്ടത്. വിഷയത്തില്‍ മുന്നണിക്ക് പൊതുവായൊരു നിലപാട് സ്വീകരിക്കാന്‍ സാധിച്ചില്ല എന്നതിനാലാണ് അതിനുവേണ്ടി 23ന് പ്രത്യേക യോഗം ചേരുന്നത്.
ബിഷപ്പിനെ വിമര്‍ശിച്ച് വി.ഡി. സതീശനും കെ. സുധാകരനും രംഗത്തുവന്നപ്പോള്‍ മുന്നണിയിലെ പ്രധാന കക്ഷിയായ കേരള കോണ്‍ഗ്രസും മാണി സി കാപ്പനും ബിഷപ്പിനെ പരോക്ഷമായി അനുകൂലിക്കുന്ന പ്രസ്താവനയാണ് നടത്തിയത്. മുന്നണി ഇക്കാര്യത്തില്‍ പരസ്യമായ നിലപാട് സ്വീകരിക്കാത്തതില്‍ ലീഗിന് അസ്വസ്ഥതയുണ്ട്. ഈയൊരു സാഹചര്യത്തിലാണ് മുന്നണി യോഗം ചേരുന്നത്.
Content Highlights: UDF Convener MM Hassan on AP Anilkumar’s exit from Congress