കോഴിക്കോട്: മിഠായിത്തെരുവില്‍ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ അനധികൃത നിര്‍മാണങ്ങളും ചട്ടലംഘനങ്ങളും കണ്ടെത്തി. മൊയ്തീന് പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന വി.കെ.എം ബില്‍ഡിങ്ങിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. തീപിടുത്തത്തെത്തുടര്‍ന്ന് കോഴിക്കോട് കോര്പ്പറേഷന് സെക്രട്ടറി കെ.യു ബിനി, എക്സി.എന്‍ജിനീയര്‍ കെ.പി രമേഷ്, അസി. എഞ്ചിനീയര്‍മാരായ അനി ഐസക്, അശ്വതി സി, ഓവര്‍സിയര്‍ സതീഷ് കെ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് കെട്ടിടത്തില്‍ അനധികൃത നിര്‍മാണങ്ങളും ചട്ടലംഘനങ്ങളും കണ്ടെത്തിയത്. കൂടാതെ തുറസ്സായ സ്ഥലം സാധനങ്ങള്‍ സൂക്ഷിച്ച് സഞ്ചാരമാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല. മാത്രമല്ല സഞ്ചാരമാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുത്തിയതിനാല്‍ അപകടം ഉണ്ടായാല്‍ ആളുകള്‍ക്ക് പുറത്തേക്ക് പോകുന്നതിനോ, സുരക്ഷാ പ്രവര്‍ത്തകര്‍ക്ക് അകത്തേക്ക് പ്രവേശിക്കുന്നതിനോ സാധിക്കാത്ത അവസ്ഥയാണുള്ളത്. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റുന്നതിനും, തുറസ്സായ സ്ഥലം നിലനിര്‍ത്തി സുഗമമായി സഞ്ചാരം ഉറപ്പുവരുത്തുന്നതിനും കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കൂടാതെ ന്യൂ ബസാര്‍, ബിഗ് ബസാര്‍ ഒയാസിസ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ പഴയ കെട്ടിടങ്ങളിലെ ഇലക്ട്രിക് സംവിധാനം പരിശോധിക്കുന്നതിനും, സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ട്രേറ്റിന് കത്ത് നല്‍കുമെന്നും കോര്പ്പറേഷന് അറിയിച്ചു.
ഇതിനിടെ മിഠായി തെരുവില്‍ പലതവണയായി തീപ്പിടിത്തമുണ്ടായ സാഹചര്യത്തില്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്താനും അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജ് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് എ.സി.പി. ഉമേഷ്. എ.യ്ക്ക് നിര്‍ദ്ദേശം നല്കി. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സ്വപ്നില്‍ എം. മഹാജന്റെ മേല്‍നോട്ടത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഉമേഷ് എ.യുടെ നേതൃത്വത്തില്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചും, ടൗണ്‍ പോലീസും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മേലേപാളയം, എസ്.എം. സ്ട്രീറ്റ്, കോര്‍ട്ട് റോഡ്, എം.പി. റോഡ്, ബഷീര്‍ റോഡ്, താജ് റോഡ് തുടങ്ങി എട്ടു ഭാഗങ്ങളായി തിരിച്ച് ഓരോ കെട്ടിടങ്ങളിലും കടകളിലും നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍, അനധികൃത കൈയേറ്റങ്ങള്‍, കടയില്‍ നിന്നും മറ്റും സാധനങ്ങള്‍ പുറത്തേക്ക് വച്ച് വഴിതടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ എന്നിവ ഉണ്ടായോ എന്ന് പരിശോധിക്കും. അന്വേഷണം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം ജില്ലാ പോലീസ് മേധാവി മുമ്പാകെ സമര്‍പ്പിക്കുമെന്ന് എ.സി.പി അറിയിച്ചു.
Content Highlights: Illegal constructions and violations were found in the building that caught fire on SM Street